പീച്ചി. പീച്ചിഡാമിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്കായി സ്ഥാപിച്ച ടൂറിസ്റ്റ്‌സ് പ്രൊട്ടക്ഷൻ ആന്റ് പോലീസ് അസിസ്റ്റൻസ് സെന്റർ അടഞ്ഞു കിടന്നിട്ട് വർഷങ്ങളായി. കോവിഡ് പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട സെന്റർ തുറന്ന് പ്രവർത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയോതോടെ കേരളത്തിലെ വിനോദ സഞ്ചാര മേഖലയും ഉണർന്നു. ഇതോടെ പീച്ചിയിലേക്കും ധാരാളം വിനോദസഞ്ചാരികൾ എത്തിതുടങ്ങി. എന്നാൽ ഡാമിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് വേണ്ട സുരക്ഷ ഒരുക്കാൻ അധികൃതർ തയ്യാറാകുന്നില്ല എന്നതാണ് നാട്ടുകാരുടെ പരാതി. ടൂറിസ്റ്റ് മേഖലകൾ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വിൽപനയും ഉപഭോഗവും വർധിച്ചു വരുന്ന സാഹചര്യത്തിൽ വിനോദ സഞ്ചാരികളുടെ സുരക്ഷയെ കരുതി സെന്റർ തുറന്ന് പ്രവർത്തിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണെന്നും അവർ പറഞ്ഞു. 2015 ൽ ആണ് ടൂറിസ്റ്റ്‌സ് പ്രൊട്ടക്ഷൻ ആന്റ് പോലീസ് അസിസ്റ്റൻസ് സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചത്. ആരംഭ കാലഘട്ടങ്ങളിൽ നല്ലരീതിയിൽ പ്രവർത്തനങ്ങൾ മുന്നോട്ട് പോയെങ്കിലും കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടതോടെ സെന്ററിന്റെ പ്രവർത്തനങ്ങൾ നിർത്തിവെക്കുകയായിരുന്നു.

.jpeg)
0 Comments