പട്ടിക്കാട്. ആറുവരിപ്പാതയിലെ അനധികൃത പാർക്കിങ് മൂലം ചുവന്നമണ്ണ് ബീവറേജ് ഷോപ്പിന് മുന്നിൽ വാഹനം അപകടത്തിൽ പെട്ടു. വൈകീട്ട് 5 മണിയോടെയാണ് അപകടം സംഭവിച്ചത്. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ ബീവറേജ് ഷോപ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. മുൻപും സമാനരീതിയിലുള്ള അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. എന്നിട്ടും ആറുവരിപ്പാതയിൽ അനധികൃത പാർക്കിംഗ് തുടരുകയാണ്. മദ്യം വാങ്ങാൻ എത്തുന്നവരാണ് വാഹനങ്ങൾ ആറുവരി പാതയിൽ തന്നെ നിർത്തിയിടുന്നത്. മണ്ണുത്തിക്കും വാണിയമ്പാറക്കും ഇടയിൽ മിക്കയിടങ്ങളിലും നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഇത്തരം പാർക്കിംഗ് പതിവാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടയിൽ പ്രധാനപാതയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പിന്നിൽ മറ്റ് വാഹനങ്ങൾ വന്നിടിച്ച് ഒട്ടേറെ അപകടങ്ങളാണ് ഉണ്ടായത്. ഇത്തരത്തിൽ ആറുവരിപ്പാതയിൽ വാഹനങ്ങൾ നിർത്തിയിടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചു യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


0 Comments