കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള കാലിത്തീറ്റ ഉറപ്പാക്കാന്‍ ഇടപെടലുകള്‍ നടത്തും - മന്ത്രി ജെ ചിഞ്ചുറാണി

തൃശ്ശൂർ. കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള കാലിത്തീറ്റ ഉറപ്പാക്കാന്‍ ഇടപെടലുകള്‍ നടത്തുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കാലിത്തീറ്റയില്‍ നിയന്ത്രണം ഉള്‍പ്പെടെയുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഇതിനായി പുതിയ നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു. ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പുകളെ സമന്വയിപ്പിച്ച് പൊതുമേഖലാ കാലിത്തീറ്റ നിര്‍മ്മാതാക്കളായ കേരള ഫീഡ്സ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന സെമിനാര്‍ തൃശൂര്‍ പേള്‍ റീജന്‍സി ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വലിയ പ്രതിസന്ധികളിലൂടെയാണ് ക്ഷീര കര്‍ഷകര്‍ കടന്നുപോകുന്നത്. ഭീമമായ വില കൊടുത്താണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകര്‍ കാലിത്തീറ്റ വാങ്ങുന്നത്. തീറ്റചെലവ് കുറച്ചു കൊണ്ടുവരേണ്ടതുണ്ട്. പാലിന്റെ വില വര്‍ധിപ്പിക്കാതെ തന്നെ ക്ഷീരകര്‍ഷകര്‍ക്ക് മൃഗങ്ങള്‍ക്കുള്ള തീറ്റ വാങ്ങുന്നത് എങ്ങനെ ലാഭകരമാക്കാം എന്ന കാര്യം സര്‍ക്കാരും മൃഗസംരക്ഷണ വകുപ്പും ആലോചിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. മില്‍മ, ക്ഷീര, മൃഗസംരക്ഷണ വകുപ്പ് എന്നിവ ചേര്‍ന്ന് നിശ്ചിത തുക ക്ഷീര കര്‍ഷകര്‍ക്ക് വര്‍ഷം മുഴുവന്‍ സബ്സിഡി നല്‍കാന്‍ തീരുമാനിച്ചതായും ക്ഷീരദിനത്തില്‍ പതിനായിരം കര്‍ഷകര്‍ക്ക് ലോണ്‍ അനുവദിച്ചതായും മന്ത്രി അറിയിച്ചു. കേരള ഫീഡ്സ് ചെയര്‍മാന്‍ കെ ശ്രീകുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ ബി ശ്രീകുമാര്‍, മാനേജര്‍ മാര്‍ക്കറ്റിംഗ് ബി ജയചന്ദ്രന്‍, ഡെ.മാനേജര്‍ മാര്‍ക്കറ്റിംഗ് ഷൈന്‍ എസ് ബാബു, ക്വാളിറ്റി കണ്‍ട്രോളർ അസി.മാനേജര്‍ ഡോ.കെ എസ് അനുരാജ് എന്നിവര്‍ പങ്കെടുത്തു.



Post a Comment

0 Comments