നീലിപ്പാറയിൽ സർവീസ് റോഡിന്റെ നിർമ്മാണം അവസാനിപ്പിക്കാൻ നീക്കം: കരാർ കമ്പനിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ

വാണിയമ്പാറ. ദേശീയപാത നിർമ്മാണത്തിലെ വ്യവസ്ഥകൾ കാറ്റിൽപറത്തി സർവീസ് റോഡ് നിർമ്മാണം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് കരാർ കമ്പനി. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ നീലിപ്പാറ പ്രദേശത്ത് 300 മീറ്ററോളം സർവീസ് റോഡിന്റെ പണികളാണ് അവസാനിപ്പിക്കുന്നത്. ഇതിനെതിരെ ഇപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. ദേശീയ പാതയിൽ ഏറ്റവും അപകടകരമായ മേഖലകളാണ് വാണിയമ്പാറ, നീലിപ്പാറ പ്രദേശങ്ങൾ. ഈ മേഖലയിൽ ദേശീയപാതയുടെ വടക്കും തെക്കും ഭാഗത്തുള്ളവർക്ക്  പാലക്കാട് ഭാഗത്തേക്കോ തൃശൂർ ഭാഗത്തേക്കോ പോകണമെങ്കിൽ  വാഹനങ്ങൾ അണമുറിയാതെ ഒഴുകുന്ന ഹൈവേയിലൂടെ 150 മീറ്ററോളം എതിർദിശയിൽ സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഇത് അത്യന്തം അപകടകരമാണ്. ഇവിടെ ദേശീയപാതയ്ക്ക് ഇരുഭാഗത്തും സർവീസ് റോഡുകൾ നിർമ്മിച്ചിട്ടില്ല. പ്രായമായവരും വിദ്യാർഥികളും ഉൾപ്പെടെയുള്ള നൂറുകണക്കിന് ജനങ്ങളാണ് കരാർ കമ്പനിയുടെ ഈ നീതിനിഷേധം മൂലം ദുരിതത്തിലായിരിക്കുന്നത്. വാണിയമ്പാറ മേലേചുങ്കം വരെ സർവീസ് റോഡ് നിർമ്മിച്ചിട്ടുണ്ട്. ബാക്കിയുള്ള ഭാഗം കല്ലുകെട്ടി അവസാനിപ്പിക്കാനാണ് കരാർ കമ്പനിയുടെ ശ്രമം. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തന്നെ ഇല്ലാതാക്കുന്ന നിലപാടാണ് ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും നടത്തുന്നത്. ഇതിനെതിരെ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ആർ വൈ എഫ് ജില്ലാ സെക്രട്ടറി വിഷ്ണു രവീന്ദ്രൻ പറഞ്ഞു.



Post a Comment

0 Comments