പാണഞ്ചേരിയിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തി


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും കൂൾ ബാറുകളിലും പരിശോധന നടത്തി. പഴകിയ ഭക്ഷണ സാധനങ്ങൾ ഒന്നും കണ്ടെടുത്തിട്ടില്ല എങ്കിലും വൃത്തിഹീനമായ സാഹചര്യങ്ങളിൽ  പ്രവർത്തിക്കുന്നതായി കണ്ടെത്തിയ ചില സ്ഥാപനങ്ങൾക്ക് ഒരാഴ്ചക്കുള്ളിൽ അത് പരിഹരിക്കാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്ന്  ഹെൽത്ത് ഇൻസ്‌പെക്ടർ റെജി വി മാത്യു പറഞ്ഞു.  ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഹെൽത്ത് കാർഡും മറ്റ് ആരോഗ്യ സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ പ്രവർത്തിച്ച ചില സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ പോരായ്മകൾ പരിഹരിക്കണം. ജനങ്ങൾക്ക് നല്ല ഭക്ഷണവും സാഹചര്യങ്ങളും ആരോഗ്യ സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി കർശന പരിശോധനകളുമായി മുന്നോട്ടുപോകുമെന്ന് പഞ്ചായത്തും ആരോഗ്യ വകുപ്പ് അധികൃതരും വ്യക്തമാക്കി. പഴകിയതോ ഉപയോഗശൂന്യമായതോ ആയ ഭക്ഷ്യവസ്തുക്കൾ കടകളിൽ സൂക്ഷിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യരുത്. കാലാവധി കഴിഞ്ഞ ആഹാരസാധനങ്ങൾ കടകളിൽ പ്രദർശിപ്പിക്കുകയോ വിൽക്കുകയോ ചെയ്യരുത്. അവ പ്രത്യേകം മാറ്റി വെക്കണമെന്നും സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പരിശോധനയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും പങ്കെടുത്തു.


Post a Comment

0 Comments