പട്ടിക്കാട്. മഴ ആരംഭിച്ചതോടെ പാണഞ്ചേരിയിൽ വെള്ളക്കെട്ട് വീണ്ടും രൂക്ഷമാകുന്നു. വേനൽക്കാലത്ത് പോലും വെള്ളക്കെട്ടിൽ കഴിഞ്ഞിരുന്ന പ്രദേശവാസികൾ ഇതോടെ ദുരിതത്തിലായി. പാണഞ്ചേരി കല്ലുപാലം മുതൽ ചെമ്പൂത്ര വരെയുള്ള ഭാഗത്താണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. 2017 ൽ തുടങ്ങിയ വെള്ളക്കെട്ടിന് പരിഹാരം കാണാൻ വാർഡ് മെമ്പർ ജയകുമാർ ആദംകാവിലും പ്രദേശവാസികളും മുട്ടാത്ത വാതിലുകൾ ഇല്ല. പ്രമുഖ പത്ര ദൃശ്യ മാധ്യമങ്ങളിൽ വാർത്തകൾ വന്നതിന് പുറമെ 2021 നവംബർ 12ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന് നിവേദനവും നൽകിയിരുന്നു. എന്നിട്ടും പ്രദേശത്തെ ജനങ്ങളെ ദുരിതക്കയത്തിൽ നിന്നും കരകയറ്റാൻ അധികൃതർ തയ്യാറായിട്ടില്ല. 18 അടി വീതിയുള്ള കല്ലുപാലം തോട് 200 മീറ്റർ കഴിയുന്നതോടെ 2 അടി മാത്രമായി ചുരുങ്ങുകയായിരുന്നു. ഇതിന് പ്രധാന കാരണം ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വേസ്റ്റുകൾ കൊണ്ടിട്ട് പ്രദേശം മൂടിയതാണ്. എന്നാൽ അവ നീക്കം ചെയ്യാൻ നിർമ്മാണ കമ്പനി അധികൃതരും തയ്യാറാകുന്നില്ല. ഈ വിഷയത്തിൽ പഞ്ചായത്ത് ശക്തമായ ഇടപെടൽ നടത്തി എത്രയും വേഗം പ്രശ്‌നത്തിന് പരിഹാരം കാണണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

.jpeg)
0 Comments