തൃശൂരിൽ ഒരു കോടിരൂപയിലധികം വിലവരുന്ന ലഹരിമരുന്ന് പിടിച്ചെടുത്തു. പിടിയിലായത് 20നും 23നും ഇടയിൽ പ്രായമുള്ളവർ


തൃശൂർ. ചില്ലറ വിൽപ്പന മേഖലയിൽ ഒരു കോടിയിലധികം വിലവരുന്ന ഒരു കിലോ ഹാഷിഷ് ഓയിലുമായി ആറുപേർ തൃശൂർ സിറ്റി പോലീസിന്റെ പിടിയിൽ. ആന്ധ്രയിൽ നിന്നും എത്തിച്ച ഹാഷിഷ് ഓയിൽ തൃശൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്നാണ് തൃശൂർ സിറ്റി പോലീസിന്റെ ലഹരിവിരുദ്ധവിഭാഗവും ഈസ്റ്റ് പോലീസും ചേർന്ന് പിടികൂടിയത്. കുന്നംകുളത്ത് താമസിക്കുന്ന മലപ്പുറം പാവിട്ടപ്പുറം ഇല്ലിക്കൽ വീട്ടിൽ മുഹമ്മദ് ഷഫീക്ക് (21), കുന്നംകുളം ചിറമനേങ്ങാട് താഴത്തേല വളപ്പിൽ മഹേഷ് (20), കുന്നംകുളം അഞ്ഞൂർ മുട്ടിൽ വീട്ടിൽ ശരത്ത് (23), അഞ്ഞൂർ തൊഴിയൂർ വീട്ടിൽ ജിതിൻ (21), തിരുവനന്തപുരം കിളിമാനൂർ കാട്ടൂർവിള കൊടുവയനൂർ ഡയാനാഭവൻ ആദർശ് (21),  കൊല്ലം നിലമേൽ പുത്തൻവീട് വരാഗ് (20) എന്നിവരെയാണ് ഇന്നു പുലർച്ചെ 3 മണിയോടെ തൃശൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്തുവെച്ച് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികൾ കുന്നംകുളം, പെരുമ്പിലാവ്, ചാവക്കാട് മേഖലകളിൽ ചില്ലറ വിൽപ്പനക്കായാണ് ലഹരിമരുന്ന് എത്തിച്ചത്. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ സിറ്റി പോലീസിന്റെ ലഹരിവിരുദ്ധവിഭാഗം നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ കുടുങ്ങിയത്. പ്രതികൾ ഹാഷിഷ് ഓയിൽ കടത്താനുപയോഗിച്ചത് ഫ്രൂട്ട് ജ്യൂസ് എന്ന രീതിയിൽ ആയിരുന്നു. ഫ്രൂട്ടി പാക്കറ്റുകൾ, പാരച്യൂട്ട് വെളിച്ചെണ്ണ കുപ്പികൾ, ഫ്‌ലാസ്‌കുകൾ എന്നിവയിലാണ് ഓയിൽ കടത്തിയിരുന്നത്. ഈസ്റ്റ് സിഐ പി. ലാൽ കുമാർ, എസ്‌ഐ മാരായ ജോർജ് മാത്യു എ, ലഹരിവിരുദ്ധ സ്‌ക്വാഡ് സബ് ഇൻസ്‌പെക്ടർമാരായ എൻ.ജി. സുവ്രത കുമാർ, പി.എം. റാഫി, കെ. ഗോപാലകൃഷ്ണൻ, പി.രാകേഷ്, സീനിയർ സിപിഒ മാരായ ജീവൻ ടി.വി,  പളനിസ്വാമി, സിവിൽ പോലീസ് ഓഫീസർമാരായ ലികേഷ് എം.എസ്.,  സുജിത് കുമാർ എസ്, കെ. ആഷിഷ്, എസ്. ശരത്, ജോഷി, അരുൺ, വിപിൻ, ഷെല്ലാർ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.




Post a Comment

0 Comments