പട്ടിക്കാട്. വഴുക്കുംപാറയിൽ സർവ്വീസ് റോഡില്ലാതെ മേൽപ്പാത നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തിങ്കളാഴ്ച അന്തിമ തീരുമാനം എടുക്കും. ഇന്നലെ (ജൂൺ 16) റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന മീറ്റിങിലാണ് ചർച്ച നടന്നത്. ജില്ലാ കളക്ടർ ഹരിത വി കുമാർ, പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ കെ.പി. ചാക്കോച്ചൻ, ബിജോയ് ജോസ്, എൻഎച്ച്എഐ പ്രൊജക്ട് മാനേജർ വിപിൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. നിലവിൽ മേൽപ്പാത നിർമ്മാണത്തിനായി മണ്ണിട്ട് ഉയർത്തിയ ഭാഗത്ത് കരിങ്കൽ ഉപയോഗിച്ചോ കോൺക്രീറ്റ് ഉപയോഗിച്ചോ താൽക്കാലിക സുരക്ഷാ സംവിധാനം ഒരുക്കുക,
മേൽപ്പാതയുടെ ടാറിങ് പൂർത്തിയായാലും പ്രദേശത്തെ സർവ്വീസ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാതെ ഇതിലൂടെ വാഹനങ്ങൾ കടത്തി വിടാതിരിക്കുക, സർവ്വീസ് റോഡിന്റെ നിർമ്മാണത്തിനായി പ്രധാനപാതയുടെ തെക്ക് ഭാഗത്ത് പാറകൾ പൊട്ടിച്ച് നീക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ചർച്ചയിൽ മുന്നോട്ട് വന്നത്. സർവ്വീസ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഇറിഗേഷൻ അധികൃതരും ഇന്നലെ സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്ന് വിശദമായി വിഷയങ്ങൾ പഠിച്ചതിന് ശേഷം തിങ്കളാഴ്ച ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം വഴുക്കുംപാറ ഭാഗത്ത് സർവ്വീസ് റോഡ് നിർമ്മാണം പൂർത്തിയാക്കാതെ മേൽപ്പാത നിർമ്മാണത്തിനായി മണ്ണിട്ട് നികത്തുന്ന പണികൾ ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പ്രദേശത്ത് അനുവദിക്കില്ലെന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ പറഞ്ഞു. ഈ വിഷയത്തിൽ പ്രദേശവാസികളെ നേരിട്ട് കണ്ട് വിഷയം ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ ഹരിത വി കുമാർ ഇന്നലെ രാവിലെ വഴുക്കുംപാറയിൽ എത്തിയിരുന്നു.



0 Comments