പട്ടിക്കാട്. മുടിക്കോട് ജങ്ഷനിലെ പേട്ടയിൽ ഓട്ടോ ടാക്‌സി സർവ്വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം പിച്ചി സിഐ എസ് ഷുക്കൂറിന്റെ സാന്നിധ്യത്തിൽ ഒത്തു തീർന്നു. ഐഎൻടിയുസി, ബിഎംഎസ് , സിഐടിയു യൂണിയനുകളിൽ പെട്ട തൊഴിലാളികളാണ് ജങ്ഷനിലെ പേട്ട ഉപയോഗപ്പെടുത്തിയിരുന്നത്. അംഗത്വവുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്‌നത്തെ തുടർന്ന് പുതിയതായി വന്ന ആറു തൊഴിലാളികളെ ഈ പേട്ടയിൽ നിന്ന് സർവ്വീസ് നടത്താൻ നിലവിലുള്ള യൂണിയനുകൾ അനുവദിച്ചില്ല. ഇതേ തുടർന്നാണ് തർക്കമുണ്ടായത്. പുതിയതായി വന്നവർ പിന്നീട് പാലക്കാട് ഭാഗത്തേക്കുള്ള ബസ് സ്‌റ്റോപ്പിനു സമീപം ഓട്ടോകൾ പാർക്ക് ചെയ്ത് സർവ്വീസ് നടത്താൻ തുടങ്ങി. ഇത് നേരിയ തോതിൽ സംഘർഷത്തിനും ഇടയാക്കിയിരുന്നു. തുടർന്ന് ഇവർ ചേർന്ന് എഐടിയുസി യൂണിയൻ രൂപീകരിക്കുകയും തർക്കം പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് സിഐയ്ക്ക് പരാതി നൽകുകയുമായിരുന്നു. സിഐ എസ് ഷുക്കൂറിന്റെ സാന്നിധ്യത്തിൽ ഓട്ടോറിക്ഷ തൊഴിലാളികളും യൂണിയൻ നേതാക്കളും ഉൾപ്പെടെ നടത്തിയ ചർച്ചയിൽ പേട്ടയിലെ അംഗത്വവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കം പരിഹരിച്ചു. ഇതോടെ നാലു യൂണിയനുകളിലെയും ഓട്ടോ, ടാക്‌സി തൊഴിലാളികൾ ജങ്ഷനിലെ പേട്ടയിൽ നിന്ന് സർവ്വീസ് നടത്താൻ ധാരണയായി. പാണഞ്ചേരി പഞ്ചായത്തിൽ മിക്കയിടങ്ങളിലും ഓട്ടോ ടാക്‌സി പേട്ടകളുമായി ബന്ധപ്പെട്ട് സമാനമായ പ്രശ്‌നങ്ങളുണ്ട്.


0 Comments