പട്ടിക്കാട്. വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരുകിലോമീറ്റർ ചുറ്റളവിൽ ബഫർ സോണായി പ്രഖ്യാപിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ തീരുമാനം ജനദ്രോഹപരമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീസ് പറഞ്ഞു. മലയോര ഹർത്താലിനോട് അനുബന്ധിച്ച് പട്ടിക്കാട് സെന്ററിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി, വയനാട് ജില്ലകൾ പൂർണ്ണമായും സമീപ ജില്ലയായ പാലക്കാട് 21 വില്ലേജുകളും തൃശൂർ ജില്ലയിലെ 11 വില്ലേജുകളും ഇക്കോ സെൻസിറ്റീവ് സോണിൽ ഉൾപ്പെടുമെന്നും ഇത് തീർത്തും ജനദ്രോഹപരമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല വനമേഖലകളിൽ നിന്നും ഒരു കിലോമീറ്റർ ദൂരം എന്നത്
വ്യോമ ദൂരം ആണെന്നും അത്തരത്തിൽ കണക്കാക്കിയാൽ പാണഞ്ചേരി പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ബഫർ സോണിൽ ഉൾപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ ലോക്കൽ എരിയ സെക്രട്ടറി സനിൽ വാണിയമ്പാറ അധ്യക്ഷത വഹിച്ചു. സിപിഐഎം മണ്ണുത്തി ഏരിയ സെക്രട്ടറി എം.എസ് പ്രദീപ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. സജു, എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ, പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എം ബാലകൃഷ്ണൻ, സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം ഷിജോൺ പെരിങ്ങാമറ്റത്തിൽ, കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എം.എം അവറാച്ചൻ, കേരള കോൺഗ്രസ് (എം) പാണഞ്ചേരി മണ്ഡലം പ്രസിഡണ്ട് രാജു പാറപ്പുറം, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ബേബി നെല്ലിക്കുഴി, എൻസിപി നേതാക്കൾ, വിവിധ ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.



0 Comments