വഴുക്കുംപാറയിൽ സർവീസ് റോഡ് നിർമ്മിക്കാൻ കർശന നിർദ്ദേശം നൽകിയതായി മന്ത്രി കെ. രാജൻ


വഴുക്കുംപാറ. ആറുവരിപ്പാതയിൽ വഴുക്കുംപാറ സെന്റർ മുതൽ കുതിരാൻ തുരങ്കം വരെ വടക്കുഭാഗത്ത് പൂർണ്ണമായും സർവീസ് റോഡ് നിർമ്മിക്കാൻ കരാർ കമ്പനിക്ക് കർശന നിർദ്ദേശം നൽകിയതായി റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ഈ ഭാഗത്ത് സർവീസ് റോഡ് നിർമ്മാണം നിർത്തിവെച്ചതിനെ തുടർന്ന് ജനങ്ങൾ വലിയ പ്രതിഷേധത്തിലായിരുന്നു. ഇതേ തുടർന്ന് ജനപ്രതിനിധികൾക്കൊപ്പം പ്രദേശം സന്ദർശിക്കാൻ എത്തിയതായിരുന്നു മന്ത്രി. ജനങ്ങളുടെ സുരക്ഷയും സഞ്ചാര സ്വാതന്ത്ര്യവും തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഒരു നടപടികളും അനുവദിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.  ഈ ഭാഗത്ത്
 

80 മീറ്ററോളം വരുന്ന സർവീസ് റോഡിന്റെ പണികൾ അടിയന്തരമായി പൂർത്തീകരിക്കണം. സർവ്വീസ് റോഡ് പൂർണമായും മണ്ണടിച്ച് അതിന് മുകളിലൂടെ പ്രധാന പാതയുടെ പണികളാണ് ഇപ്പോൾ നടക്കുന്നത്. ഇതോടെ ഈ ഭാഗത്തുള്ള 45 ഓളം കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. പ്രധാന പാതയുടെ പണികൾക്ക് ശേഷം സർവീസ് റോഡിന്റെ പണികൾ ഉണ്ടാകുമെന്ന കരാർ കമ്പനിയുടെ വാക്ക് മുഖവിലക്കെടുക്കാൻ ആകില്ലെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ ഡൽഹിയിൽ വെച്ച് ദേശീയപാത അതോറിറ്റി അധികൃതരുമായി ഈ കാര്യം സംസാരിച്ചിട്ടുണ്ട്. സർവീസ് റോഡ് പ്രശ്‌നത്തിൽ താനും ജനപ്രതിനിധികളും ജനങ്ങൾക്കൊപ്പം ആണെന്നും മന്ത്രി പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ കെ.പി ചാക്കോച്ചൻ, ബിജോയ് ജോസ്, ബാലൻ വഴുക്കുംപാറ, സിപിഐഎം പാണഞ്ചേരി ലോക്കൽ സെക്രട്ടറി മാത്യു നൈനാൻ, കമ്പനി പിആർഒ അജിത്ത് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പഞ്ചായത്ത് അംഗങ്ങളുടെയും പ്രദേശവാസികളായ ബാലൻ, ഷാജൻ മേനോതാഴത്ത് എന്നിവരുടെയും നേതൃത്വത്തിൽ നൽകിയ പരാതിയിലാണ് മന്ത്രി പ്രദേശം സന്ദർശിച്ചത്. വഴുക്കുംപാറയിലെ സർവ്വീസ് റോഡ് കരാർ കമ്പനി അടച്ചത് പത്ര ദൃശ്യ മാധ്യമങ്ങളിലടക്കം വലിയ വാർത്തയായിരുന്നു.


Post a Comment

0 Comments