നീലിപ്പാറയിൽ സർവീസ് റോഡ് നിർമ്മിച്ചില്ല: എൽഡിഎഫിന്റെ നേതൃത്വത്തിൽ ജനകീയ സമരം തുടങ്ങുന്നു


നീലിപ്പാറ. ദേശീയപാത നിർമ്മാണ കരാർ കമ്പനി ജനങ്ങളോട് കാണിക്കുന്നത് ധിക്കാരപരമായ നിലപാടാണെന്ന് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ രവി പറഞ്ഞു. വാണിയമ്പാറ മുതൽ നീലിപ്പാറ വരെയുള്ള പ്രദേശത്ത്  സർവീസ് റോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫിന്റെ നേതൃത്വത്തിൽ നടത്തുന്ന ജനകീയ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി കോളനികൾ ഉൾപ്പെടെയുള്ള പ്രദേശത്തെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയാണ് കരാർ കമ്പനി. സർവീസ് റോഡിനായി സ്ഥലം ഏറ്റെടുത്തിട്ടും റോഡ് നിർമ്മിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതു മൂലം മണിയൻകിണർ, നീലിപ്പാറ, പൊട്ടിമട, കൊള്ളിക്കാട് പ്രദേശത്തെ ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. ഇവർക്ക് ഏതു ഭാഗത്തേക്ക് പോകണമെങ്കിലും ദേശീയപാതയിൽ അപകടകരമായ നിലയിൽ എതിർദിശയിൽ  സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും ഉൾപ്പെടെയുള്ള തദ്ദേശഭരണ സ്ഥാപനങ്ങളും മന്ത്രി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ജനകീയ സമരത്തിന് പിന്തുണ നൽകുമെന്നും കെ.ആർ രവി പറഞ്ഞു. ചില സ്വകാര്യവ്യക്തികളുടെ താല്പര്യം സംരക്ഷിക്കാനാണ് നീലിപ്പാറയിലേക്കുള്ള സർവീസ് റോഡ് പണികൾ നിർത്തി വച്ചതെന്ന് ജനകീയ സമരസമിതി ആരോപിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ , ജില്ലാ പഞ്ചായത്ത് അംഗം കെ.വി സജു, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുബൈദ അബൂബക്കർ, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ , സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി സനിൽ വാണിയമ്പാറ, എൽഡിഎഫ് കൺവീനർ കെ.എ അബൂബക്കർ എന്നിവർ സമരത്തിൽ പങ്കെടുത്ത് പ്രസംഗിച്ചു.



Post a Comment

0 Comments