പട്ടിക്കാട് . പൊതുസ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളിയ വ്യക്തിക്കെതിരെ പഞ്ചായത്ത് നടപടി സ്വീകരിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് വഴക്കുംപാറ ഹരിത കർമ്മ സേന നൽകിയ പരാതിയെ തുടർന്നാണ് പഞ്ചായത്തിന്റെ നടപടി. ചുവന്നമണ്ണിൽ നിന്നും മേലേചിറയ്ക്ക് പോകുന്ന റോഡിന് സമീപത്തെ കനാലിൽ
മൂന്ന് ചാക്ക് പ്ലാസ്റ്റിക് മാലിന്യം തള്ളിയതായി ഹരിത കർമ്മ സേന കൺസോർഷ്യം ഭാരവാഹികൾ പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് കേരള പഞ്ചായത്ത് രാജ് ചട്ടം 219 ടി പ്രകാരം 2000 രൂപ പിഴ ചുമത്തി മാലിന്യം തള്ളിയ വ്യക്തിക്ക് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയത്. ഈ നോട്ടീസ് ലഭിച്ച് രണ്ട് ദിവസത്തിനകം പിഴ ഒടുക്കി മാലിന്യം സ്വന്തം ചെലവിൽ നീക്കം ചെയ്യണമെന്നാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. പാണഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ദേശീയപാത ഉൾപ്പെടെ മിക്ക പാതയോരങ്ങളിലും മാലിന്യങ്ങൾ തള്ളുന്നത് വ്യാപകമായിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ മാത്രമല്ല, അറവു മാലിന്യങ്ങൾ ഉൾപ്പെടെയുള്ള ജൈവമാലിന്യങ്ങൾ പാതയോരങ്ങളിലും തോട്ടിലും കനാലിലും ഒക്കെ തള്ളുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചീഞ്ഞ് അഴുകിയ ജൈവമാലിന്യങ്ങളും രാസമാലിന്യങ്ങളും തോട്ടിലെ വെള്ളത്തിലും മറ്റ് ജലസ്രോതസ്സുകളിലും എത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കുന്നുണ്ട്. മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടെത്താനും അവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാനും പഞ്ചായത്തുതലത്തിൽ സ്ഥിരമായ സംവിധാനം ഉണ്ടാക്കണം. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കാനും അധികൃതർ തയ്യാറാകണം.

.jpeg)

0 Comments