അലീനയുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി സെറാഫ്‌സ്: ഒരു ലക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായം നൽകി


പയ്യനം. ഒരു നഴ്‌സ് ആകണമെന്ന സ്വപ്നമാണ് ഒമ്പതാം ക്ലാസ്സുകാരി അലീന ജോബി എന്നും മനസ്സിൽ  താലോലിച്ചിരുന്നത്. എന്നാൽ വെസ്റ്റ് നൈൽ ഫീവർ എന്ന മാരക രോഗം പിതാവ് ജോബിയുടെ ജീവൻ കവർന്നെടുത്തപ്പോൾ അവൾക്ക് നഷ്ടപ്പെട്ടത് തന്റെ പ്രിയപ്പെട്ട പപ്പയെ മാത്രമല്ല,  സ്വപ്നങ്ങൾ കൂടിയായിരുന്നു. എന്നാൽ ആ സ്വപ്നത്തിന് വീണ്ടും ജീവൻ നൽകാൻ സഹായവുമായി എത്തിയിരിക്കുകയാണ് സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റി. അലീനയ്ക്ക് വിദ്യാഭ്യാസ സഹായമായി ഒരു ലക്ഷം രൂപയാണ് സെറാഫ്‌സ് നൽകിയത്. പാണഞ്ചേരി പഞ്ചായത്തിലെ പയ്യനം കാളക്കുന്ന് സ്വദേശിയായ പുത്തൻപുരയ്ക്കൽ ജോബിയുടെ മകളാണ് അലീന. തൃശ്ശൂർ ജില്ലയിൽ ആദ്യമായി വെസ്റ്റ് നെയിൽ ഫീവർ സ്ഥിരീകരിച്ച ജോബിയുടെ മരണം  കുടുംബത്തിന്റെ സകല പ്രതീക്ഷകളും തകർത്തു.  ഭാര്യ അനിതയും മക്കളായ അമലും അലീനയും അടങ്ങുന്ന കുടുംബം കടുത്ത പ്രതിസന്ധിയിലായി. ചികിത്സയുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ബാധ്യതയും കുടുംബത്തെ ഞെരുക്കി. കുട്ടികളുടെ തുടർപഠനം തന്നെ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് സഹായ ഹസ്തവുമായി സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റി എത്തിയത്. ജോബിയുടെ വീട് സന്ദർശിച്ച അവസരത്തിൽ സെറാഫ്‌സ് പ്രവർത്തകരോട് തനിക്ക് ബിഎസ്‌സി നഴ്‌സിംഗ് പഠിക്കണമെന്ന താൽപര്യം അലീന അറിയിക്കുകയായിരുന്നു. അതുകൊണ്ട് നഴ്‌സിംഗ് അഡ്മിഷൻ സമയത്ത് ഉപയോഗിക്കത്തക്കവിധം പട്ടിക്കാട് കേരള ഗ്രാമീൺ ബാങ്കിൽ സ്ഥിരനിക്ഷേപമായാണ് തുക നൽകിയത്. കുടുംബത്തിന് ആകെ സ്വന്തമായുള്ള 10 സെന്റ് വനഭൂമിക്ക് കഴിഞ്ഞ മാസമാണ് പട്ടയം ലഭിച്ചത്. ജോബിയുടെ വസതിയിൽ വെച്ച് ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫീസർ കെ.എൻ സതീഷും സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ഫാ. സി.എം രാജുവും ചേർന്ന് അലീനയ്ക്ക് ധനസഹായം കൈമാറി. ഹെൽത്ത് ഇൻസ്‌പെക്ടർ റെജി വി മാത്യു, വാർഡ് മെമ്പർ റെജീന ബാബു, മുൻ മെമ്പർ ജോളി ജോർജ്, സെറാഫ്‌സ് അംഗങ്ങളായ എബ്രഹാം നാഞ്ചിറ, ജോയ് പ്ലാമൂട്ടിൽ, ജോസ് തുരുത്താട്ട്, ഷാജി തുരുത്താട്ട്, ബിനോയ് മേക്കാട്ടിൽ എന്നിവർ പങ്കെടുത്തു. 
60 രോഗികൾക്ക് എല്ലാമാസവും ചികിത്സാസഹായം, പ്രായാധിക്യം കൊണ്ടും രോഗം കൊണ്ടും നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് എല്ലാ മാസവും ഭക്ഷ്യവസ്തുക്കൾ സഹായമായി നൽകുന്ന ഹങ്കർ റിലീഫ് പദ്ധതി, പാലിയേറ്റീവ് കെയർ , വിദ്യാഭ്യാസ സഹായം. എന്നീ പദ്ധതികളിലായി വർഷംതോറും മുപ്പതു ലക്ഷം രൂപയുടെ സഹായങ്ങളാണ് സെറാഫ്‌സ് നൽകിക്കൊണ്ടിരിക്കുന്നത്. ഒരു ലക്ഷം രൂപ വീതം സഹായധനം നൽകി 53 നിർധന യുവതികളുടെ വിവാഹത്തിന് സെറാഫ്‌സ് സഹായഹസ്തം നീട്ടിയിട്ടുണ്ട്.


Post a Comment

0 Comments