കണ്ണാറ. മണലിപ്പുഴയിലെ ചെളിയും മണ്ണും നീക്കം ചെയ്യുന്ന പ്രവർത്തികൾ പതിനാറാം വാർഡ് കണ്ണാറയിൽ ആരംഭിച്ചു. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് (എം.ജി.എൻ.ആർ.ഇ.ജി.എസ്) പദ്ധതിയിലുൾപ്പെടുത്തിയാണ് പ്രവർത്തികൾ നടപ്പിലാക്കുന്നത്. നിലവിൽ മുപ്പതോളം തൊഴിലാളികളാണ് കണ്ണാറയിലെ പ്രവർത്തികളിൽ ഏർപ്പെട്ടിട്ടുള്ളത്. വർഷങ്ങളായി അടിഞ്ഞുകൂടിയിട്ടുള്ള ചെളിയും മണ്ണും തൊഴിലുറപ്പ് തൊഴിലാളികൾ നീക്കം ചെയ്യുന്നത് ഏറെ പ്രയാസപ്പെട്ടാണെന്ന് വാർഡ് മെമ്പർ രേഷ്മ സജീഷ് പറഞ്ഞു. 2018ലെ പ്രളയാനന്തരം കേരളത്തിലെ 44 നദികളിൽ അടിഞ്ഞു കൂടിയിട്ടുള്ള ചെളിയും മണ്ണും നീക്കം ചെയ്യുകയാണ് എം.ജി.എൻ.ആർ.ഇ.ജി.എസ് പദ്ധതിവഴി സർക്കാർ നടപ്പിലാക്കുന്നത്. മണലി, കുറുമാലി പുഴകളെ വിവിധ റീച്ചുകളാക്കി തിരിച്ചു പ്രാഥമിക സർവേ നടത്തുകയും 41 ലൊക്കേഷനുകളിൽ നീക്കം ചെയ്യേണ്ട മൺതിട്ടകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇതിൽ മണലിപ്പുഴ കടന്നുപോകുന്ന ആറ് വാർഡുകളാണ് പാണഞ്ചേരി പഞ്ചായത്തിൽ ഉള്ളത്. പാണഞ്ചേരി പഞ്ചായത്തിൽ വിവിധ റീച്ചുകളിലായി 3704.25 ക്യുബിക് മീറ്റർ മൺതിട്ടകളാണ് നിക്കം ചെയ്യുന്നത്. വാർഡ് മെമ്പർ രേഷ്മ സജീഷ്, ഇറിഗേഷൻ എഎക്‌സ്ഇ അജിത്ത്, എഇ അർജുൻ, തൊഴിലുറപ്പ് എഇ ലിജോ മത്തായി, ഓവർസിയർ നേഹ കെ.വി, സോമി, ബിബിത തുടങ്ങിയവരാണ് കണ്ണാറയിലെ പ്രവർത്തികൾക്ക് നേതൃത്വം നൽകുന്നത്.


0 Comments