കുതിരാൻ. ഒന്നാം തുരങ്ക മുഖത്ത് പാലത്തിൽ വിള്ളൽ ഉണ്ടായിടത്ത് നിർമ്മാണ കമ്പനി അറ്റകുറ്റപ്പണികൾ നടത്തി. തൃശൂർ ഭാഗത്തേക്കുള്ള തുരങ്ക കവാടത്തിന് മുന്നിലെ പാലത്തിൽ ആയിരുന്നു വിള്ളൽ ഉണ്ടായത്. ഈ ഭാഗത്ത് കമ്പികൾ പുറത്തേക്ക് തള്ളി നിന്നത് വാഹനങ്ങൾക്ക് അപകടഭീഷണി ഉയർത്തിയിരുന്നു. തുരങ്കത്തിൽ നിന്നു 100 മീറ്റർ അകലെ 2 സ്ലാബുകൾ ചേരുന്നിടത്താണു വിള്ളൽ ഉണ്ടായത്. സമാനമായ രീതിയിൽ മുൻപും ഇവിടെ വിളളലുകളുണ്ടായിട്ടുണ്ട്. ഒരു വർഷം മുൻപു സ്ലാബുകൾ ചേരുന്ന ഭാഗത്തു പൂർണമായും ഗതാഗത നിയന്ത്രണം നടത്തി കോൺക്രീറ്റിങ് നടത്തിയിരുന്നു. വടക്കഞ്ചേരി മേൽപാലത്തിൽ സ്ലാബുകൾക്കിടയിലെ വിള്ളലിനെ തുടർന്ന് 5 തവണ പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തിയിരുന്നു. കുതിരാൻ തുരങ്കത്തിന്റെ തൃശൂർ ഭാഗത്തേക്കുള്ള പ്രവേശനകവാടത്തിനു മുൻഭാഗത്തു 400 മീറ്റർ നീളത്തിൽ പീച്ചി റിസർവോയറിനു കുറുകെയുള്ള 2 സമാന്തര പാലങ്ങളിൽ ഒന്നിലാണ് വിള്ളൽ രൂപപ്പെട്ടത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ പാതയിൽ ഇടയ്ക്കിടെ ഇത്തരത്തിൽ അറ്റകുറ്റപ്പണികൾ നടത്തേണ്ടി വരുന്നത് വാഹന ഗതാഗതത്തെ സാരമായി ബാധിക്കുന്നുണ്ട്. മാത്രമല്ല നിർമ്മാണ പ്രവർത്തനങ്ങളിലെ അശാസ്ത്രീയതയും ഗുണമേന്മ ഇല്ലായ്മയുമാണ് ഇത്തരം സംഭവങ്ങൾക്ക് വഴിയൊരുക്കുന്നത് എന്ന് നാട്ടുകാർ പറഞ്ഞു.

.jpeg)
0 Comments