പട്ടിക്കാട്. മാറ്റാംപുറം വീട്ടിപാറയിലെ താഴത്ത് വീട്ടിൽ മധുവിന്റെ സാന്ത്വനം ഭവനത്തിൽ അതിഥികളായി പട്ടിക്കാട് സെറാഫ്‌സ് ചാരിറ്റബിൽ സൊസൈറ്റി പ്രവർത്തകർ എത്തി. ഒരുവശം തളർന്ന് കിടപ്പിലായ മധുവിന്റെ വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ നിമിത്തമായതിന്റെ സന്തോഷത്തിലായിരുന്നു സെറാഫ്‌സ് പ്രവർത്തകർ. കുട്ടനെല്ലൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു മധുവും ഭാര്യ സിന്ധുവും രണ്ട് മക്കളും അടങ്ങുന്ന കുടുംബം. എന്നാൽ വീട് പണിയ്ക്കിടെ സംഭവിച്ച ഒരു അപകടം മധുവിനെ തളർത്തുകയായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ വീടിന് മുകളിൽ നിന്നും കാൽ വഴുതി താഴെ വീണ മധു അവിടെ നിന്ന് വീണ്ടും സമീപത്തെ കിണറ്റിലേക്ക് തെറിച്ച് വീഴുകയായിരുന്നു. വീഴ്ചയുടെ
ആഘാതത്തിൽ ഒരുവശം പൂർണ്ണമായും തളർന്ന അവസ്ഥയിൽ മധു എത്തിച്ചേർന്നു. തുടർന്ന് തന്റെ അവസ്ഥ മനസിലാക്കി കിഴക്കേക്കോട്ട കേന്ദ്രമായി പ്രവർത്തിക്കുന്ന സാന്ത്വനം എന്ന സംഘടന മധുവിന് ഒരു വീട് നിർമ്മിച്ചു നൽകാൻ മുന്നോട്ട് വന്നു. എന്നാൽ വീട് കൈമാറുന്നതിന് മുൻപ് ഒരു ലക്ഷം രൂപ സംഘടനയ്ക്ക് കൈമാറണം എന്ന വ്യവസ്ഥ പാലിക്കാൻ മധുവിനായില്ല. തുക കൈമാറിയില്ലെങ്കിൽ വീട് അർഹരായ മറ്റുള്ളവർക്ക് നൽകുമെന്ന കാര്യം സംഘടന അദ്ദേഹത്തെ അറിയിച്ചു. സുഹൃത്തുക്കൾ വഴി 60000 രൂപ സംഘടിപ്പിച്ചു. ബാക്കി 40000 രൂപ കൂടി സംഘടിപ്പിക്കാൻ വഴിയില്ലാതിരിക്കുമ്പോൾ ആണ് മുടിക്കോട് വാർഡ് മുൻ പഞ്ചായത്ത് അംഗം ഷിജോ പി ചാക്കോ ഈ വിവരം അറിയുന്നത്. ഉടൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങളെ വിവരം അറിയിക്കുകയും അവർ നടത്തിയ അന്വേഷണത്തിൽ മധുവിന്റെ അവസ്ഥ ബോധ്യപ്പെടുകയും ചെയ്തു. തുടർന്ന് സെറാഫ്‌സ് 40000 രൂപ മധുവിന് കൈമാറി. ഇതെ തുടർന്നാണ് സാന്ത്വനം സംഘടനയ്ക്ക് ഒരു ലക്ഷം രൂപ നൽകാൻ മധുവിനായത്. 8 ലക്ഷം രൂപ ചിലവിൽ 2 കിടപ്പ് മുറിയുള്ള വീടാണ് സാന്ത്വനം മധുവിന് നിർമ്മിച്ച് നൽകിയിട്ടുള്ളത്. പുതിയവീട്ടിൽ കുടുംബത്തോടൊപ്പം മധു ഇന്ന് ഏറെ സന്തോഷവാനാണ്. മധുവിന്റെ സ്വപ്‌ന സാക്ഷാത്കാരത്തിന് നിമിത്തമാകാൻ കഴിഞ്ഞ സന്തോഷത്തിൽ സെറാഫ്‌സ് പ്രവകർത്തകരും. എബ്രഹാം നാഞ്ചിറ, ജോസ് തുരുത്താട്ട്, ഷാജി തുരുത്താട്ട്, എന്നിവർ സ്വാന്തനം ഭവനത്തിൽ എത്തി സന്തോഷം അറിയിച്ചു.



0 Comments