പകർച്ച വ്യാധികൾക്കെതിരെ ജാഗ്രത പുലർത്തണം: ജില്ലാ മെഡിക്കൽ ഓഫീസർ


തൃശൂർ. കോവിഡ് രോഗബാധയുടെ ആശങ്കകൾ നിലനിൽക്കുമ്പോഴും ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. കെ ടി പ്രേമകുമാർ അറിയിച്ചു. ഇടവിട്ട് കാണപ്പെടുന്ന മഴയും, വെയിലും കൊതുകു വളരുന്നതിനുള്ള അനുകൂല കാലാവസ്ഥയാണ്. ഇത് കൊതുകു സാന്ദ്രത വർദ്ധിക്കുന്നതിന് കാരണമാകുന്നതിനാൽ ഡെങ്കിപ്പനി കൂടുതൽ  പടരുവാനുള്ള  സാധ്യത വളരെയേറുന്നു. ഈ വർഷം ജനുവരി മുതൽ 50 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ശുദ്ധജലത്തിൽ  വളരുന്ന
 

ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന,നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ തന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടേണ്ടതാണ്. രോഗം കുറഞ്ഞാലും രണ്ടാഴ്ചയോളം വിശ്രമിക്കുക്കുവാനും  ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കേണ്ടതാണ്. കൊതുക് വളരുന്ന  സാഹചര്യങ്ങൾ ഒഴിവാക്കുക. കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകുവല, ലേപനങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് സ്വയം സംരക്ഷിക്കുവാൻ ശ്രദ്ധിക്കണം. മാലിന്യ നിർമ്മാർജ്ജനത്തിലൂടെയും പരിസര ശുചിത്വത്തിലൂടെയും പകർച്ചവ്യാധികൾ  തടയുവാനുള്ള  ഇത്തരം പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ  പൂർണ്ണസഹകരണം ഉറപ്പാക്കണമെന്നും സ്‌കൂളുകളിൽ വെള്ളിയാഴ്ച്ച തോറും, സ്ഥാപനങ്ങളിൽ ശനിയാഴ്ച്ചയും  ഞായറാഴ്ച്ചകളിൽ  വീടുകളിലും ശുചീകരണം നടത്തി നിർബന്ധമായും െ്രെഡഡേ  ആചരിക്കണമെന്നും  ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിൽ  എലിപ്പനിയും  കൂടിവരുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുളളത്. 24 എലിപ്പനി കേസുകളുമാണ് ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എലിപ്പനി സ്ഥിരീകരിച്ച മരണങ്ങളും എലിപ്പനി സംശയിക്കുന്ന മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എലിപ്പനി മരണങ്ങൾ പലപ്പോഴും സംഭവിക്കുന്നത് ഉടനടി ചികിത്സ തേടാത്തതിനാലാണ്.  അതിനാൽ  രണ്ടോ മൂന്നോ   ദിവസം കൊണ്ട് ഭേദമാകാത്ത പനിയും, പേശിവേദനയും, ആവർത്തിച്ചുവരുന്ന പനിയും വരികയാണെങ്കിൽ സ്വയം ചികിത്സിക്കാതെ ഡോക്ടറെ സമീപിക്കേണ്ടതാണ്. ഇവ കൂടാതെ, മഴക്കാലത്ത് വയറിളക്ക രോഗങ്ങൾ കൂടുതലായി കാണപ്പെടുന്നു. വയറിളക്കം പിടിപെട്ടാൽ ഉടനെ തന്നെ ചികിത്സ തേടണം. ആരംഭത്തിൽ തന്നെ  പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗുരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഒ.ആർ.എസ് എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്. ആഹാരസാധനങ്ങളും മറ്റും ഈച്ച കയറാതെ അടച്ചു സൂക്ഷിക്കണം.ഹോട്ടലുകളും, ആഹാരം കൈകാര്യം ചെയ്യുന്ന മറ്റു സ്ഥാപനങ്ങളും ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കൃത്യമായ ഇടവേളകളിൽ കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേഷൻ നടത്തേണ്ടതാണ്. പാരിസ്ഥിതിക ശുചിത്വം, ഭക്ഷ്യ ശുചിത്വം, വ്യക്തി ശുചിത്വം എന്നിവ പാലിച്ചുകൊണ്ട് പകർച്ചവ്യാധികൾ തടയുന്നതിന് ഏവരും സഹകരിക്കേണ്ടതാണെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു



Post a Comment

0 Comments