കണ്ണാറ. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ കണ്ണാറ സെന്ററിൽ പണികഴിപ്പിച്ചിട്ടുള്ള വില്ലേജ് എക്സ്റ്റൻഷൻ ഓഫീസിൽ ഇപ്പോൾ ഇഴജന്തുക്കളാണ് താമസം. കെട്ടിടം കാടുകയറി നാശത്തിന്റെ വക്കിലാണ്. കണ്ണാറ സെന്ററിൽ കണ്ണായ സ്ഥലത്ത് പണിതിട്ടുള്ള വില്ലേജ് എക്സ്റ്റൻഷൻ ഓഫീസിനെക്കുറിച്ച് അധികമാർക്കും അറിയില്ല. ഓഫീസ് തുറന്നിട്ടോ, ഒരു ഗ്രാമ സേവകനെ കണ്ടിട്ടോ കാലങ്ങളായി എന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഗ്രാമീണ ജനതയ്ക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനായി രൂപപ്പെടുത്തിയിട്ടുള്ള ഈ സംവിധാനം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം
അന്യാധീനപ്പെട്ട് പോവുകയാണ്. കാട്ടുവള്ളികൾ പടർന്നുകയറിയ ഈ കെട്ടിടത്തിന് മുറ്റത്തും അകത്തളങ്ങളും ഇപ്പോൾ ഇഴജന്തുക്കളുടെ വിഹാര കേന്ദ്രങ്ങളാണ്. മാലിന്യങ്ങൾ കൊണ്ടുവന്ന തള്ളാനുള്ള കേന്ദ്രമായി ഇത് മാറിയിരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണകർത്താക്കളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമെല്ലാം തലങ്ങും വിലങ്ങും ഈ വഴിക്ക് പോകുമ്പോഴൊന്നും ഗ്രാമസേവകന്റെ ഓഫീസ് ഈ വിധത്തിൽ അനാഥമായി കിടക്കുന്നത് ശ്രദ്ധിക്കുന്നില്ല എന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പൊതുജനങ്ങൾക്ക് വിവിധതരത്തിലുള്ള സേവനങ്ങൾ അവരുടെ വീട്ടുപടിക്കൽ എത്തിക്കുക എന്നതാണ് സർക്കാരിന്റെ നയം എങ്കിലും അതിനു നിലവിലുള്ള സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. കൊവിഡ് കാലത്തും തുടർന്നും പൊതുജന സേവനവുമായി കാര്യങ്ങൾക്ക് ഇത്തരത്തിലുള്ള പൊതു സംവിധാനങ്ങൾ ഉപയോഗപ്പെടുത്താതെ പോകുന്നതിൽ ആശങ്കയുണ്ട്. കണ്ണാറയിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ് ജനോപകാരപ്രദമായ രീതിയിൽ പ്രവർത്തന സജ്ജമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



0 Comments