പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വ്യാപാരികൾ നാളുകളായി അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് മാലിന്യ സംസ്‌കരണമെന്നും ഈ വിഷയത്തിൽ പഞ്ചായത്ത് ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നും വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ബാബു കൊള്ളന്നൂർ പറഞ്ഞു. കഴിഞ്ഞ ദിവസം പൊതുസ്ഥലത്ത് മാലിന്യം തള്ളിയ വ്യക്തിയിൽ നിന്നും പഞ്ചായത്ത് പിഴ ഈടാക്കിയ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യങ്ങൾ എവിടെ നിക്ഷേപിക്കണമെന്നോ എന്തു ചെയ്യണമെന്നോ വ്യക്തമായ ധാരണ ജനങ്ങൾക്കില്ല. കത്തിക്കേണ്ടവ ഏത്? കുഴിച്ചിടേണ്ടവ ഏത്? എന്നിങ്ങനെ വ്യക്തമായ ബോധവൽക്കരണം ഈ വിഷയത്തിൽ ജനങ്ങൾക്ക് നൽകേണ്ടതുണ്ട്. ഹരിത കർമ്മസേന, ഇ-ഓട്ടോ എന്നിവയുടെ സേവനങ്ങൾ പഞ്ചായത്തിൽ ലഭ്യമാണെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും ഇതുവരെ തങ്ങളുടെ വ്യാപാര സ്ഥാപനങ്ങൾക്ക് ഇവയുടെ സേവനം ലഭിച്ചിട്ടില്ലെന്നും ബാബു കൊള്ളന്നൂർ പറഞ്ഞു. മാലിന്യം നീക്കം ചെയ്യുന്നതിനായി പഞ്ചായത്ത് നിശ്ചയിച്ച തുക വ്യാപാരികൾ നൽകാൻ തയ്യാറാണെന്നും മാലിന്യ രഹിത പഞ്ചായത്തായി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മാറണം എന്നതാണ് വ്യാപാരി വ്യവസായി സമിതി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

.jpeg)
0 Comments