ക്രമസമാധാന പാലനത്തിൽ അഭിനന്ദനാർഹമായ പ്രവർത്തനം കാഴ്ചവെക്കാൻ സിഐ എസ് ഷുക്കൂറിന് സാധിച്ചിട്ടുണ്ടെന്ന് ബാബു തോമസ്

പട്ടിക്കാട്. എല്ലാ രാഷ്ട്രീയ പാർട്ടികളും സജീവമായി പ്രവർത്തിക്കുന്ന പാണഞ്ചേരി പഞ്ചായത്തിൽ എല്ലാവരേയും ഒരേ നിലയിൽ കാണുന്നതിനും ക്രമസമാധാന പാലനത്തിൽ അഭിനന്ദനാർഹമായ പ്രവർത്തനം കാഴ്ചവെക്കുന്നതിനും സിഐ എസ് ഷുക്കൂറിന് സാധിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവും കോൺഗ്രസ് പീച്ചി മണ്ഡലം പ്രസിഡന്റുമായ ബാബു തോമസ് പറഞ്ഞു. മണ്ണുത്തി സ്‌റ്റേഷനിലേയ്ക്ക് സ്ഥലം മാറിപ്പോകുന്ന പട്ടിക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ് ഷുക്കൂറിന് കോൺഗ്രസ് പ്രവർത്തകർ നൽകിയ യാത്രയയപ്പ് യോഗത്തിൽ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലഘട്ടങ്ങളിൽ ജനമൈത്രി പോലീസിനെ ഉൾപ്പെടുത്തി ജനങ്ങൾക്ക് വേണ്ടി നിരവധി നല്ല കാര്യങ്ങൾ ചെയ്യുന്നതിന് സിഐ മുൻകൈ എടുത്തിട്ടുണ്ടെന്നും ബാബു തോമസ് പറഞ്ഞു. ഇന്ന് രാവിലെ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഇത്തരത്തിൽ ഒരു യാത്രയയപ്പ് ലഭിച്ചതിൽ സന്തോഷം ഉണ്ടെന്നും പ്രസ്താവിച്ച നല്ലവാക്കുകൾ മുഖവിലയ്‌ക്കെടുക്കുമെന്നും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് അവ ഒരു പ്രചോദനമാകുമെന്നും സിഐ എസ് ഷുക്കൂർ മറുപടി പ്രസംഗത്തിൽ പറഞ്ഞു. സ്റ്റേഷനിൽ എത്തുന്ന അശരണരും നിരാലംബരുമായ ആളുകൾക്ക് നീതി ലഭിക്കുന്ന നിലയിൽ അവർക്ക് വേണ്ടി തുടർന്നും പ്രവർത്തിക്കാൻ താൻ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ.പി ചാക്കോച്ചൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു, പഞ്ചായത്തംഗം സി.എസ് ശ്രീജു, ഷിബു പോൾ, റീന, ജിഫിൻ ജോയ്, ജിതിൻ മൈക്കിൾ തുടങ്ങിയവർ പങ്കെടുത്തു



Post a Comment

0 Comments