പട്ടിക്കാട്. പീച്ചി വന്യജീവി സങ്കേതത്തിൽ നിന്നും പുതിയ ഇനം സൂചിത്തുമ്പിയെ കണ്ടെത്തി. നിഴൽത്തുമ്പികളുടെ വിഭാഗത്തിൽ പെടുന്ന ആനമല നിഴൽത്തുമ്പി (പ്രോട്ടസ്റ്റിക്റ്റ ആനമലൈക്ക Protasticta anamalaica) എന്ന സ്പീഷീസിനെ പീച്ചി ഡിവിഷനിൽ 2021 നവംബർ 25 മുതൽ 28 വരെ നടത്തിയ പക്ഷി തുമ്പി പഠന സർവേയ്ക്കിടയിലാണ് കണ്ടെത്തിയത് . വന്യജീവിസങ്കേതത്തിലെ 1000 മീറ്റർ സമുദ്രനിരപ്പിൽ നിന്നും ഉയർന്ന പ്രദേശങ്ങളിലാണ് ഇവയെ കാണുന്നത്. തിരുവനന്തപുരത്തെ ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി (NHS) തുമ്പിഗവേഷണ വിഭാഗത്തിലെ (TORG ) ഡോ. കലേഷ് സദാശിവൻ, വിനയൻ പി നായർ, ഡോ. എബ്രഹാം സാമുവൽ എന്നിവരടങ്ങിയ
സംഘമാണ് കണ്ടെത്തലിനു പിന്നിൽ. പ്രോട്ടസ്റ്റിക് ഇനത്തിൽപെട്ട സൂചിത്തുമ്പികൾ ഇന്ത്യയിൽ പശ്ചിമ ഘട്ടത്തിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും സമുദ്രനിരപ്പിൽ നിന്നും സാമാന്യം ഉയരമുള്ള സ്ഥലങ്ങളിലെ വെളിച്ചക്കുറവുള്ള കാട്ടരുവികളിലും ഇരുൾ മൂടിയ സ്ഥലങ്ങളിലും ഒളിച്ചിരിക്കുന്ന ഇനങ്ങളാണ്. ഇന്ത്യയിൽ കാണപ്പെടുന്ന 15 ഇനം പ്രോട്ടസ്റ്റിക് സൂചിത്തുമ്പികളിൽ 12 സ്പീഷീസുകൾ പശ്ചിമ ഘട്ടത്തിൽ കാണപ്പെടുന്നു. ഇതിൽ 11 എണ്ണം കേരളത്തിൽ കാണാം. ഇതോടെ പശ്ചിമ ഘട്ടത്തിൽ 13 പ്രോട്ടസ്റ്റിക് സ്പീഷിസുകളും കേരളത്തിൽ 12 ഇനം പ്രോട്ടസ്റ്റിക് സൂചിത്തുമ്പികളും എന്ന നിലയിലേക്ക് കണക്കുകൾ ഉയരും. പുതിയ ഇനം തുമ്പിയുടെ കണ്ടെത്തൽ പ്രദേശത്തു വിശദ പഠനങ്ങളുടെ ആവശ്യകത വർധിപ്പിക്കുന്നു. മാത്രമല്ല വ്യവസ്ഥയുടെ നേരിയ വ്യതിയാനം ആവാസ പോലും ഇത്തരം സ്പീഷീസുകളുടെ നിലനില്പ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് പീച്ചി വൈൽഡ് ലൈഫ് വാർഡൻ പി എം പ്രഭു അഭിപ്രായപ്പെട്ടു. കൂടുതൽ സംരക്ഷണ പ്രവർത്തനങ്ങൾ പഠനങ്ങളുടെ അടിസ്ഥാനത്തിൽ നടപ്പാക്കണമെന്നും അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ അനീഷ്, വൈൽഡ് ലൈഫ് അസിസ്റ്റന്റ് സലീഷ് മേനാച്ചേരി എന്നിവർ അഭിപ്രായപ്പെട്ടു.
2021ൽ വിനയൻ നായരും കൂട്ടരും പ്രസിദ്ധീകരിച്ച തുമ്പികളുടെ കണക്കുകൾ അനുസരിച്ചു പശ്ചിമഘട്ടത്തിൽ 80 എൻഡെമിക് സ്പീഷീസുകൾ അടക്കം 207 സ്പിഷീസ് തുമ്പികളും കേരളത്തിൽ 68 എൻഡെമിക് സ്പീഷിസുകൾ അടക്കം 181 സ്പീഷീസുകളും ഉണ്ടായിരുന്നു. പിന്നീട് നടന്ന പഠന ഗവേഷണങ്ങൾ പ്രകാരമുള്ള കണക്കുകൾ അനുസരിച്ചു നിലവിൽ പശ്ചിമ ഘട്ടത്തിൽ 82 എൻഡെമിക് സ്പീഷീസുകൾ അടക്കം 209 സ്പീഷീസ് തുമ്പികളും കേരളത്തിൽ 71 എൻഡെമിക് സ്പീഷിസുകൾ ഉൾപ്പെടെ 185 സ്പീഷീസുകളും കാണപ്പെടുന്നുണ്ടെന്ന് പീച്ചി വന്യജീവി വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.



0 Comments