പട്ടിക്കാട്. വഴുക്കുംപാറയിലെ സർവീസ് റോഡ് നിർമ്മാണത്തിനായി വനഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് സംയുക്ത പരിശോധന നടത്താൻ ദേശീയപാത അതോറിറ്റി വനംവകുപ്പിന് കത്ത് നൽകി. ദേശീയപാതയുടെ തെക്കുഭാഗത്ത് വനം വകുപ്പ് നേരത്തെ ഭൂമി വിട്ടു നൽകിയിരുന്നു. എന്നാൽ റോഡ് നിർമ്മാണത്തിനായി ഈ ഭാഗത്തെ മരങ്ങൾ മുറിച്ചു നീക്കേണ്ടതുണ്ട്. 150 മീറ്റർ നീളത്തിലും 32 മീറ്റർ വീതിയിലും ആണ് ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ടത്. ഈ സാഹചര്യത്തിലാണ് വനംവകുപ്പ്, ദേശീയപാത അതോറിറ്റി, നിർമ്മാണ കമ്പനി എന്നിവരുടെ സംയുക്ത പരിശോധന നടത്തണം എന്ന് ആവശ്യപ്പെട്ട് ഈ മാസം 20ന് ദേശീയപാത അതോറിറ്റി തൃശ്ശൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർക്ക് കത്തയച്ചത്. നടപടികൾ പൂർത്തിയായാൽ മരങ്ങൾ വെട്ടി മാറ്റി മണ്ണ് നീക്കം ചെയ്ത് പാറ പൊട്ടിച്ച് നീക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. പ്രദേശവാസികളുടെ നിരന്തര സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് വഴുക്കുംപാറ മേൽപ്പാതയുടെ ഇരുവശവും സർവീസ് റോഡ് നിർമ്മാണത്തിന് അനുമതി ലഭ്യമായത്.


0 Comments