പട്ടിക്കാട്. ദേശീയപാതയുടെ കാന നിർമ്മാണത്തിന്റെ ഭാഗമായി മുടിക്കോട് സർവീസ് റോഡിൽ നിന്നും ചാത്തംകുളം റോഡിലേയ്ക്ക് ഇറങ്ങുന്ന ഭാഗം പൂർണ്ണമായും തകർന്നു. ഇതോടെ സ്കൂൾ വിദ്യാർത്ഥികൾ അടക്കം നിരവധി യാത്രക്കാർ അപകടഭീതിയിലായി. റോഡിന് കുറുകെ കാന നിർമിക്കുന്നതിനുള്ള പണികൾ ആരംഭിച്ചതോടെയാണ് റോഡ് തകരാൻ തുടങ്ങിയത്. തൃശ്ശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്ക് ഉൾപ്പെടെ നിരവധി
വാഹനങ്ങൾ കടന്നുപോകുന്ന ഈ ഭാഗത്ത് റോഡിന് വേണ്ടത്ര സുരക്ഷ ഒരുക്കാതെയാണ് കാന നിർമ്മാണം ആരംഭിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്തെ മൂന്ന് സ്കൂളുകളിലേക്കുള്ള വാഹനങ്ങളും ഇതിലൂടെയാണ് കടന്നു പോകുന്നത്. നിലവിൽ വാഹനങ്ങൾ കടന്നു പോകുമ്പോൾ റോഡിൻറെ വശങ്ങൾ ഇടിഞ്ഞ് താഴ്ന്നു പോകുന്ന അവസ്ഥയാണുള്ളത്. മാത്രമല്ല പ്രദേശത്ത് കുഴികൾ രൂപപ്പെട്ടതോടെ ചെറിയ വാഹനങ്ങൾക്ക് വളരെ ബുദ്ധിമുട്ടി വേണം ഇതിലൂടെ കടന്നു പോകാൻ. മഴക്കാലത്ത് റോഡ് വീണ്ടും താഴാൻ സാധ്യത ഉള്ളതിനാൽ ഇതിലൂടെ കടന്നുപോകുന്നത് അപകടകരമാണെന്ന് പ്രദേശത്തെ ഓട്ടോ തൊഴിലാളികൾ പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങളിലെ അശാസ്ത്രീയതയാണ് ഇതിന് കാരണം എന്നും അവർ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ദേശീയപാത അധികൃതമായി സംസാരിച്ചതായും ഉടൻതന്നെ താൽക്കാലികമായി പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് അവർ ഉറപ്പു നൽകിയതായും വാർഡ് മെമ്പർ ആരിഫ റാഫി പറഞ്ഞു.



0 Comments