പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്റെ നേതൃത്വത്തിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി നേരിട്ടെത്തി പാണഞ്ചേരി പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ദേശീയപാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. താലൂക്ക് വികസന സമിതി യോഗത്തിൽ ദേശീയപാത അധികൃതർ അവതരിപ്പിച്ച റിപ്പോർട്ടിൽ അപാകതകൾ ബോധ്യപ്പെട്ടതിനെ തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റ് അധികൃതരോടൊപ്പം നേരിട്ടെത്തി സ്ഥലം സന്ദർശിച്ചത്. പീച്ചിറോഡ്
ജങ്ഷനിൽ സ്ലാബുകൾ സ്ഥാപിച്ചതിലുള്ള അപാകതകൾ, സർവ്വീസ് റോഡിന്റെ വശങ്ങളിൽ സംരക്ഷണ ഭിത്തിയുടെ നിർമ്മാണങ്ങൾ പൂർത്തീകരിക്കാത്തവ, പലസ്ഥലങ്ങളിലും കാനയുടെ നിർമ്മാണങ്ങൾ പൂർത്തീകരിക്കാത്തവ തുടങ്ങി നിരവധി കാര്യങ്ങൾ പ്രസിഡന്റിന്റെ നേതൃത്വത്തിൽ അധികൃതരെ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഇത്തരം അറ്റകുറ്റ പണികൾ ഉടൻ പൂർത്തീകരിക്കാമെന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതായും പ്രസിഡന്റ് പറഞ്ഞു. ദേശീയപാതയിൽ പൂർത്തീകരിക്കാത്ത നിർമ്മാണ പ്രവർത്തനങ്ങളുടെ വിവരങ്ങൾ നേരത്തെ തഹസീൽദാറുടെ നേതൃത്വത്തിൽ മന്ത്രിക്ക് കൈമാറിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ താലൂക്ക് വികസന സമിതിയിൽ റിപ്പോർട്ട് അവതരിപ്പിച്ചതും. എന്നാൽ റിപ്പോർട്ടിൽ അപാകതയുണ്ടെന്നും പലസ്ഥലങ്ങളിലും പണികൾ പൂർത്തിയാക്കിയിട്ടില്ല എന്നും പ്രസിഡന്റ് ചൂണ്ടിക്കാണിക്കുകയായിരുന്നു. നാഷൺ ഹൈവേ അതോറിറ്റി പ്രൊജക്ട് ഡയറക്ടർ ബിബിന്റെ നിർദ്ദേശപ്രകാരം ദേശീയപാത ഉദ്യോഗസ്ഥരായ നരേഷ്, അർജുൻ, നിർമ്മാണ കമ്പനി ഉദ്യോഗസ്ഥർ, ഹൈവേ നിർമ്മാണം നടക്കുന്ന വാർഡുകളിലെ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.



0 Comments