പട്ടിക്കാട്. മേൽപ്പാതയിൽ നിന്നുള്ള മഴവെള്ളം സർവീസ് റോഡിലേക്ക് വീഴുന്നത് ഇതിലൂടെ പോകുന്ന ഇരുചക്ര വാഹനങ്ങൾക്ക് ഏറെ അപകട ഭീഷണിയാകുന്നു. പീച്ചി റോഡ് ജംഗ്ഷൻ മുതൽ ഹൈവേ ജംഗ്ഷൻ വരെ ആണ് മേൽപ്പാതയിൽ നിന്നുള്ള മഴവെള്ളം സർവീസ് റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് വീഴുന്നത്. ഇടയ്ക്കിടെ പിവിസി പൈപ്പുകൾ ഉപയോഗിച്ച് വെള്ളം താഴേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും പല ഭാഗത്തും ഇതില്ല. മഴ ശക്തിയാകുന്നതോടെ സർവീസ് റോഡിൻറെ പകുതിയോളം ദൂരത്തിലാണ് മേൽപാതയിൽ നിന്നും വെള്ളം താഴേക്ക് പതിക്കുന്നത്. ഇത് ഇരുചക്രവാഹനങ്ങൾക്ക് ഏറെ അപകട ഭീഷണി ഉയർത്തുന്നതായി യാത്രക്കാർ പറഞ്ഞു. മേൽപാതകളിലെ മഴവെള്ളം റോഡിൻറെ വശങ്ങളിൽ എത്തിച്ച് അവിടെ നിന്നും പൈപ്പ് ലൈൻ വഴി സർവീസ് റോഡിലേക്കും തുടർന്ന് സർവീസ് റോഡിൻറെ വശങ്ങളിലെ കാനകളിലേക്കുമാണ് കടന്നു പോകുന്നത്. എന്നാൽ പലസ്ഥലങ്ങളിലും ഇതിന് ആവശ്യമായ പൈപ്പ് ലൈൻ ക്രമീകരിച്ചിട്ടില്ല. അതിനാലാണ് മഴവെള്ളം നേരിട്ട് സർവീസ് റോഡിൽ പതിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങളിലെ അശാസ്ത്രീയതയാണ് ഇതിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.


0 Comments