കനത്ത മഴയിൽ മയിലാട്ടുംപാറയിൽ വീട് തകർന്നു

പട്ടിക്കാട്. കനത്ത മഴയെ തുടർന്ന് മയിലാട്ടുംപാറ പട്ടിലുംകുഴിയിൽ അറയ്ക്കൽ വർഗീസിന്റെ വീട് പൂർണ്ണമായും തകർന്നു. ശനിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. വർഗീസും മകളും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വലിയ ശബ്ദം കേട്ട ഉടൻ മകളുമായി വീടിനു പുറത്തേക്ക് ഓടിയതിനാൽ രണ്ടുപേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓട് മേഞ്ഞ വീടിന്റെ മേൽക്കൂരയാണ് ആദ്യം തകർന്ന് വീണത്. ഭാര്യ മരിച്ചുപോയ വർഗീസ് സ്കൂൾ വിദ്യാർത്ഥിനിയായ മകളുമായി കൂലിപ്പണി ചെയ്ത് ജീവിച്ച് വരികയായിരുന്നു.  ഇതിനിടെയാണ് മറ്റൊരു ദുരന്തം കൂടി ഇയാളെ തേടിയെത്തിയത്. നാല് സെൻറ് സ്ഥലം മാത്രമാണ് ഇവർക്ക് ഉള്ളത്. വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ചുഴലിക്കെടുതിയിലും മഴക്കെടുതിയിലും ആയി പണഞ്ചേരി ഗ്രാമപഞ്ചായത്തിൽ നിരവധി വീടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ തകർന്നത്. പ്രശ്നബാധിത പ്രദേശങ്ങളിൽ സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ രാജൻ ശനിയാഴ്ച സന്ദർശനം നടത്തിയിരുന്നു.  പ്രകൃതി ദുരന്തങ്ങളിൽ നാശനഷ്ടം സംഭവിച്ചവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു നൽകുമെന്ന് മന്ത്രി ഉറപ്പു നൽകിയിരുന്നു.



Post a Comment

0 Comments