ചുഴലിക്കെടുതി: അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജൻ

പട്ടിക്കാട്. മഴയും കാറ്റും തുടരാനുള്ള സാധ്യതയുള്ളതിനാൽ അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. അടിയന്തര ഘട്ടത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കാം എന്നും മന്ത്രി വ്യക്തമാക്കി. ഗസ്റ്റിനാഡോ ചുഴലിക്കാറ്റ് നാശംവിതച്ച പാണഞ്ചേരി പുത്തൂർ പഞ്ചായത്തുകളിലെ കുന്നത്തങ്ങാടി ചേരുംകുഴി പയ്യനം വെള്ളക്കാരിത്തടം തുടങ്ങിയ പ്രദേശങ്ങളിൽ സന്ദർശനം നടത്തുകയായിരുന്നു മന്ത്രി. ഇന്നലെയുണ്ടായ ശക്തമായ കാറ്റിൽ മരം വീണ് ഏതാനും വീടുകൾ പൂർണമായും നിരവധി വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. ഏക്കറുകളോളം പ്രദേശത്തെ റബ്ബർ മരങ്ങൾ ഒടിഞ്ഞതുൾപ്പെടെ വ്യാപകമായ കൃഷി നാശവും ഉണ്ടായി. മരം വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞും വൈദ്യുതി ലൈനുകൾ പൊട്ടിയും പ്രദേശത്തെ വൈദ്യുതി വിതരണം പൂർണ്ണമായും തടസ്സപ്പെട്ടിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പ്രാഥമികനിഗമനം. പത്തു ദിവസത്തിനുള്ളിൽ നാശനഷ്ടങ്ങളുടെ പൂർണമായ കണക്ക് ലഭ്യമാകും എന്നും മന്ത്രി പറഞ്ഞു. നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് ദുരന്തനിവാരണ ഫണ്ടിൽ നിന്നും തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.  മഴക്കെടുതി ഉണ്ടാകാവുന്ന സാഹചര്യം മുന്നിൽക്കണ്ട് സംസ്ഥാനത്താകമാനം 3071 ദുരിതാശ്വാസ ക്യാമ്പുകൾക്കുള്ള സൗകര്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നാലു ലക്ഷത്തോളം പേരെ അടിയന്തരമായി ക്യാമ്പുകളിലേക്ക് മാറ്റാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. അടിയന്തര ഘട്ടത്തിൽ   ദുരിതാശ്വാസ ക്യാമ്പ് തുറക്കുന്നതിന് വേണ്ട മുന്നൊരുക്കങ്ങൾ നടത്താൻ എല്ലാ പഞ്ചായത്തുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  ജില്ലാ കളക്ടർ ഹരിത വി കുമാർ, തഹസിൽദാർ ടി ജയശ്രീ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ജോസഫ് ടാജറ്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി, പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് അംഗങ്ങൾ,  വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.




Post a Comment

0 Comments