കനത്ത ചുഴലിക്കാറ്റ്: വിലങ്ങന്നൂർ കുന്നത്തങ്ങാടിയിൽ വീടുകൾ തകർന്നു


പട്ടിക്കാട്. വിലങ്ങന്നൂർ കുന്നത്തങ്ങാടിയിൽ ഉണ്ടായ കനത്ത ചുഴലിക്കാറ്റിൽ വീടുകൾ തകർന്നു. നിരവധി കൃഷിനാശവും സംഭവിച്ചു. ഇന്ന് രാവിലെ 6.30നാണ് ഏകദേശം മൂന്ന് മിനിറ്റ് നീണ്ട കനത്ത ചുഴലിക്കാറ്റ് രൂപപ്പെട്ടത്. പ്രദേശത്തെ രണ്ടു വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. അരണയ്ക്കൽ സുരേന്ദ്രന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂര പൂർണമായും തകർന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപെട്ടു. സമീപത്തെ കിഴക്കേചെരുവിൽ സുശീലയുടെ വീട് ഭാഗികമായും തകർന്നിട്ടുണ്ട്. ഓട് മേഞ്ഞ വീടിന്റെ മുൻ ഭാഗമാണ് തകർന്നത്. പൊരുവട്ടയിൽ ബിജുവിന്റെ വീടിനും 


കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ വലിയ മരങ്ങൾ കടപുഴകി വീഴുകയും ഇലക്ട്രിക് പോസ്റ്റുകൾ ഒടിയുകയും ചെയ്തിട്ടുണ്ട്. ഇതോടെ പ്രദേശത്തെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഇലവുംതറപ്പിൽ സണ്ണിയുടെ 150 ഓളം റബർ മരങ്ങളാണ് കാറ്റിൽ നശിച്ചിട്ടുള്ളത്. 40 വർഷത്തിനിടെ ഇത്തരമൊരു ചുഴലിക്കാറ്റ് ആദ്യമായിട്ടാണെന്ന് നാട്ടുകാർ പറഞ്ഞു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്, പഞ്ചായത്തംഗം അജിത മോഹൻദാസ് എന്നിവർ സ്ഥലത്ത് എത്തിയിരുന്നു. പ്രദേശത്തെ നിലവിലെ സ്ഥിതി പഞ്ചായത്ത് ഭരണസമിതിയെ ബോധ്യപ്പെടുത്തുമെന്നും ദുരിതബാധിതർക്ക് അടിയന്തരമായി സർക്കാർ ധനസഹായം നൽകണമെന്നും ബാബു തോമസ് പറഞ്ഞു.


Post a Comment

0 Comments