രാജു അപ്സര കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട്


എറണാകുളം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡണ്ടായി ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശി രാജു അപ്സരയെ തിരഞ്ഞെടുത്തു. എറണാകുളം ഇവന്റ് ഹബ്ബിൽ വച്ച് നടന്ന തിരഞ്ഞെടുപ്പിലാണ് 2022-24 കാലയളവിലേക്കുള്ള പ്രസിഡണ്ടായി രാജു അപ്സര തിരഞ്ഞെടുക്കപ്പെട്ടത്. അപ്സര ജ്വല്ലറി ഉടമയാണ്. കായംകുളം ശ്രീ വിഠോബാ ഹൈസ്കൂളിലും, എം. എസ്. എം. കോളേജിലുമായി ഹൈസ്കൂൾ, കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം സ്വർണ്ണാഭരണ വിപണന രംഗത്തേക്ക് തിരിയുകയും, വ്യാപാരം ഒന്നിലധികം ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയും, സ്വർണ്ണാഭരണ വിപണന രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. 1987 ൽ ആലപ്പുഴ ജില്ലയിലെ ചാരുംമൂട് യൂണിറ്റ് പ്രസിഡന്റായി സംഘടനാ പ്രവർത്തനം ആരംഭിച്ച അദ്ദേഹം, താലൂക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, സംസ്ഥാന കൗൺസിൽ അംഗം, സംസ്ഥാന പ്രവർത്തക സമിതി അംഗം, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുകയും, 2015 - 2017 ൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി ചുമതല ഏൽക്കുകയും ചെയ്തു. 

37 വർഷം ഏകോപന സമിതിയെ നയിച്ച ടി നസറുദ്ദീന്റെ വേർപാടിനെ തുടർന്നാണ് പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുത്തത്. വർക്കിംഗ് പ്രസിഡണ്ട് : കുഞ്ഞാവു ഹാജി മലപ്പുറം, ജനറൽ സെക്രട്ടറി: ദേവസ്യ മേച്ചേരി കണ്ണൂർ, ട്രഷറർ: എം കെ തോമസ് കുട്ടി കോട്ടയം, വൈസ് പ്രസിഡണ്ട്മാർ: കെ വി അബ്ദുൽ ഹമ്മീദ് തൃശൂർ, പെരിങ്ങമല രാമചന്ദ്രൻ തിരുവനന്തപുരം, പിസി ജേക്കബ് എറണാകുളം, എ ജെ ഷാജഹാൻ പത്തനംതിട്ട, ജോയിന്റ് സെക്രട്ടറിമാർ: കെ കെ വാസുദേവൻ വയനാട്, എസ് ദേവരാജൻ കൊല്ലം, സണ്ണി പയ്യമ്പിള്ളി ഇടുക്കി, ബാപ്പു ഹാജി കോഴിക്കോട്, സെക്രട്ടറിയേറ്റ് അംഗങ്ങൾ: അഹമ്മദ് ഷെരീഫ് കാസർകോട്ട്, വി സബിൻ രാജ് ആലപ്പുഴ, എ ജെ റിയാസ് എറണാകുളം എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങൾ.



Post a Comment

0 Comments