പട്ടിക്കാട്. ദേശീയപാതയിൽ ചെമ്പൂത്രയിലെ അപകട കെണിയിൽ വാഹനങ്ങൾ വീഴുന്നത് പതിവാകുന്നു. ചെമ്പൂത്രയിൽ നിന്നും പട്ടിക്കാട് ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് ഈ അപകടക്കെണി. ഭാരത് പെട്രോളിയം പമ്പിന് എതിർവശത്ത് തോടിന് കുറുകെ നിർമ്മിച്ച കലുങ്കിന് വീതി കൂട്ടാത്തതാണ് അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്. സർവീസ് റോഡ് വീതി കൂട്ടി ടാറിങ് നടത്തിയെങ്കിലും കലുങ്കിന് വീതി
കൂട്ടാതെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. മാത്രമല്ല സുരക്ഷയ്ക്ക് വേണ്ട അയേൺക്രാഷ് ബാരിയറുകൾ സ്ഥാപിക്കുകയും വേണം. എങ്കിൽ മാത്രമേ ഇതിലൂടെ കടന്നു പോകുന്ന വാഹനങ്ങൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ സാധിക്കൂ. ഇരുഭാഗത്തേക്കും ഉള്ള വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകാൻ ആവശ്യമായ വീതിയും ഇവിടെയില്ല. ടാറിങ് നടത്തുന്നതിന് മുൻപ് ഈ ഭാഗത്തെ കലുങ്കിന് വീതികൂട്ടുമെന്ന് കമ്പനി അധികൃതർ അറിയിച്ചിരുന്നതാണ്. കലുങ്കിന്റെ പണികൾ പൂർത്തിയാക്കിയതിന് ശേഷമേ ടാറിങ് നടത്തൂ എന്നും അധികൃതകർ നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു. വെള്ളാനി മലയിൽനിന്നും ഒഴുകിയെത്തുന്ന വെള്ളം മണലിപ്പുഴയിലേക്ക് എത്തിച്ചേരുന്നത് ഈ ഈ കലുങ്കിന് അടിയിലൂടെയാണ്. മഴക്കാലമായാൽ വലിയ തോതിൽ വെള്ളക്കെട്ടും ഇവിടെ രൂപപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ കലുങ്കിന്റെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. പരാതികൾ ഉയർന്നതോടെ താൽക്കാലികമായി പ്ലാസ്റ്റിക് ബാരിറുകൾ ഉപയോഗിച്ച് വളച്ചു കെട്ടി വെച്ചിരിക്കുകയാണ് ഇവിടം. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. പ്രദേശത്ത് കലുങ്കിന് വീതി കൂട്ടി സുരക്ഷ ഒരുക്കിയില്ലെങ്കിൽ അത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.



0 Comments