പട്ടിക്കാട്. പീച്ചിഡാം റോഡിലെ അപകടക്കുഴികൾ എത്രയും വേഗം അടച്ച് സഞ്ചാര്യ യോഗ്യമാക്കണം എന്ന് ആവശ്യപ്പെട്ട് പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പലം സെന്ററിൽ റോഡ് ഉപരോധിച്ചു. റോഡിലെ കുഴിയിൽ വാഴ നട്ടും പ്രവർത്തകർ പ്രതിഷേധിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ സി അഭിലാഷ് സമരം ഉദ്ഘാടനം ചെയ്തു. പീച്ചിയിൽ ആഘോഷ പരിപാടികൾ നടത്താൻ മുന്നിൽ നിൽക്കുന്ന സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ രാജൻ, പീച്ചി റോഡ് മുതൽ വിലങ്ങന്നൂർ വരെയുള്ള 6 കിലോ മീറ്റർ ദൂരം കുഴികൾ അടയക്കാൻ വേണ്ട നടപടികൾ കൂടി സ്വീകരിക്കണമെന്ന് കെ.സി അഭിലാഷ് ആവശ്യപ്പെട്ടു. പീച്ചി ഡാമിന് താഴെയുള്ള റോഡുകൾ, നദികര
അമ്പലം, മയിലാട്ടുംപ്പാറ റോഡ്, പ്രവർത്തനം നിലച്ച മ്യൂസിക് ഫൗണ്ടൻ, നിശ്ചലമായ പീച്ചി ഗസ്റ്റ് ഹൗസ്, ഉപയോഗശൂന്യമായ പീച്ചി സിമ്മിംഗ് പൂൾ, പണികൾ പൂർത്തീകരിച്ചിട്ടും പ്രവർത്തനം ആരംഭിക്കാത്ത ഗവൺമെന്റ് ഡിസ്‌പെൻസറി എന്നീ വിഷയങ്ങളിൽ മന്ത്രി വേണ്ട ഇടപെടലുകൾ നടത്തുന്നില്ലെന്നും കെ.സി അഭിലാഷ് ആരോപിച്ചു. 9 വർഷമായി റീടാറിങ് നടത്താത്ത റോഡിലെ പീച്ചിറോഡ് ജങ്ഷൻ, ഇടപ്പലം, പള്ളിക്കണ്ടം, വാരിയത്ത്പടി, ആൽപ്പാറ, കണ്ണാറ എന്നിവിടങ്ങളിലാണ് കൂടുതൽ അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്. റോഡിലെ ടാറിങ് ഇളകി വലിയ കുഴികൾ രൂപപ്പെട്ടതും മെറ്റൽ ഇളകി റോഡിന്റെ വശങ്ങളിൽ കിടക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. ഇത്രയൊക്കെ ആയിട്ടും ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർ ശകുന്തള ഉണ്ണികൃഷ്ണൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു, പഞ്ചായത്ത് മെമ്പർമാരായ ഷൈജു കുര്യൻ, ശ്രീജു സി.എസ്, കെഎസ്‌യു ബ്ലോക്ക് പ്രസിഡന്റ് ബ്ലസ്സൺ വർഗീസ്, കോൺഗ്രസ് നേതാക്കളായ സജി താണിക്കൽ, ജിഫിൻ ജോയ്, കെ.എം പൗലോസ്, വി.ബി ചന്ദ്രൻ, ബേബി ആശാരിക്കാട്, ജയ്‌മോൻ ഫിലിപ്പ്, തോമസ് ടി കുര്യൻ, ഉല്ലാസ് പോൾ, തോമസ് വീണ്ടശ്ശേരി, ബാബു വള്ളംകുളം, ജോജോ, ബേസിൽ തമ്പി, അർജുൻ ലാൽ, ജോസ് മൈനാട്ടിൽ, സുലൈമാൻ, ശങ്കരൻകുട്ടി എന്നിവർ നേതൃത്വം നൽകി.



0 Comments