ആൽപ്പാറയിൽ നിന്നും അരലക്ഷം രൂപ വിലവരുന്ന നേന്ത്രക്കായ മോഷണം പോയി



പട്ടിക്കാട്. ആൽപ്പാറ വാരിയത്ത്പടിയിൽ നേന്ത്രക്കായ മോഷണം. മാരായ്ക്കൽ പെരുമാലിൽ വീട്ടിൽ ജോർജ്ജിന്റെ അൻപതോളം ചെങ്ങാലിക്കോടൻ ഇനത്തിൽപെട്ട നേന്ത്രക്കായയാണ് മോഷണം പോയത്. ഏകദേശം അരലക്ഷം രൂപയുടെ നഷ്ടം ഇതുമൂലം കർഷകന് ഉണ്ടായിട്ടുള്ളതായാണ് വിലയിരുത്തിയിട്ടുള്ളത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഇന്ന് രാവിലെ വാരിയത്ത്പടിയിൽ നിന്നും മാരായ്ക്കൽ ഭാഗത്തേക്ക് പോകുന്ന വഴിയിൽ ജോർജ്ജ് പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന വാഴത്തോട്ടത്തിൽ എത്തിയപ്പോഴാണ് നേന്ത്രവാഴകൾ വെട്ടിനശിപ്പിച്ച നിലയിലും കായക്കുലകൾ മോഷണം പോയ നിലയിലും കണ്ടെത്തിയത്. 450 വാഴകൾ ആയിരുന്നു ജോർജ്ജ് ഇവിടെ കൃഷി ചെയ്തിരുന്നത്. ഓണത്തോടനുബന്ധിച്ച് വരും ദിവസങ്ങളിൽ വെട്ടേണ്ട കുലകൾ ആണ് മോഷണം പോയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് മുൻപും നേന്ത്രവാഴക്കുലകൾ മോഷണം പോയിട്ടുള്ളതായി കർഷകർ പറഞ്ഞു.


Post a Comment

0 Comments