കരകയറാൻ കഴിയാതെ കാർഷിക മേഖല

പട്ടിക്കാട്. ദുരിതക്കയത്തിൽ നിന്നും കരകയറാൻ കഴിയാതെ വലയുകയാണ് പാണഞ്ചേരിയിലെ കാർഷിക മേഖല. കാലവർഷക്കെടുതികളും വിളനാശവും വന്യജീവി ആക്രമണവും  വളത്തിന്റെ വിലക്കയറ്റവും മൂലം വലിയ പ്രതിസന്ധിയിലാണ്  കർഷകർ. ഉൽപാദന ചെലവിലുള്ള വർധനവും നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള കാലതാമസവും കൃഷി തുടർന്നുകൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെ കൊണ്ടു ചെന്നെത്തിച്ചിരിക്കുകയാണ്.  പാണഞ്ചേരിയുടെ മലയോര മേഖലയിലെ കർഷകർ നേരിടുന്ന  വലിയ പ്രതിസന്ധിയാണ്  കാട്ടാന, കാട്ടുപന്നി എന്നിവയുടെ ആക്രമണം മൂലമുണ്ടാകുന്ന കൃഷിനാശം. വാഴ മാത്രമല്ല, തെങ്ങ്, ജാതി, റബ്ബർ തുടങ്ങിയ വിളകൾ വന്യജീവികൾ നശിപ്പിക്കുന്നത് ദീർഘകാല സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുന്നു. ഈ മേഖലയിലെ 

കർഷകരുടെ നഷ്ടപരിഹാരം സംബന്ധിച്ച കാര്യത്തിലെ അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. നഷ്ടപരിഹാരത്തിന്റെ കണക്കെടുപ്പും അപേക്ഷ നൽകലും ഒക്കെയായി കാലം കഴിയുന്നു എന്നല്ലാതെ തങ്ങൾക്ക് അനുകൂലമായ ഒരു നടപടിയും ഉദ്യോഗസ്ഥരുടെയോ സർക്കാരിന്റെയോ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. വിള ഇൻഷുറൻസ് ചെയ്തിട്ടുള്ള കർഷകർക്ക് പോലും നഷ്ടപരിഹാര തുകകൾ സമയബന്ധിതമായി ലഭിക്കാത്തത് തിരിച്ചടിയാവുകയാണ്. പ്രകൃതിക്ഷോഭം മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നൽകേണ്ട നഷ്ടപരിഹാരങ്ങളുടെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി. പാണഞ്ചേരി പഞ്ചായത്തിൽ ഏറ്റവും കൂടുതൽ നടക്കുന്ന കൃഷികളിലെന്നാണ് നേന്ത്രവാഴ കൃഷി. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കാലവർഷക്കെടുതികൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് വാഴ കർഷകരെയും പച്ചക്കറി കർഷകരെയും ആണ്.  ബാങ്ക് വായ്പ എടുത്തും കടം വാങ്ങിയും ഭൂമി പാട്ടത്തിനെടുത്തും വാഴ കൃഷി ചെയ്യുന്നവർ മഴക്കെടുതിയിൽ തകർന്നു പോവുകയാണ്. കാറ്റിലും വെള്ളക്കെട്ടിലും പെട്ട് ആയിരക്കണക്കിന് വാഴകളാണ്  നശിക്കുന്നത്. ഈ നാശനഷ്ടങ്ങൾ വർഷംതോറും ആവർത്തിക്കുകയുമാണ്.  നിരവധി കർഷകരാണ് ഇതുമൂലം പ്രതിസന്ധിയിലാകുന്നത്. ഇൻഷുറൻസ് ഇനത്തിൽ ഒരു വാഴയ്ക്ക് 300 രൂപയും ഇൻഷുറൻസ് ഇല്ലാത്ത വാഴയ്ക്ക് പ്രകൃതിക്ഷോഭത്തിന് നഷ്ടപരിഹാരമായി 100 രൂപയും എന്ന നിരക്കിൽ നഷ്ടപരിഹാരത്തിന് അർഹത ഉണ്ടെങ്കിലും ഇതൊന്നും അതാത് വർഷം ലഭിക്കാത്തത് കർഷകരെ  കടക്കെണിയിൽ ആക്കുകയാണ്. ജീവനോപാധി എന്ന നിലയിൽ കൃഷി ചെയ്യുന്നവർക്ക് നേരിടേണ്ടി വരുന്ന ഇത്തരം തിരിച്ചടികൾ അവർക്ക് താങ്ങാവുന്നതിനുമപ്പുറമാണ്. വളം കീടനാശിനി എന്നിവയുടെ രൂക്ഷമായ വിലക്കയറ്റമാണ് കർഷകർ നേരിടുന്ന  മറ്റൊരു പ്രതിസന്ധി . കഴിഞ്ഞ രണ്ടു വർഷം കൊണ്ട്  പൊട്ടാഷ് , ഫാക്ടംഫോസ് എന്നിവയുടെ വില ഇരട്ടിയോളമായി വർധിച്ചതായി കർഷകർ സാക്ഷ്യപ്പെടുക്കുന്നു.  കൂലി ചെലവിലെ വർധനവും ഉൽപാദന ചെലവ് അമിതമായി വർധിക്കുന്നതിന് കാരണമായി. വിളകൾക്ക് മെച്ചപ്പെട്ട വില ലഭിക്കാത്തതും വില സ്ഥിരത ഇല്ലാത്തതും പ്രതിസന്ധിയാണ്. കൃഷി പ്രോത്സാഹനത്തിനായി പ്രത്യേക പദ്ധതികളും പരിപാടികളും സർക്കാർ കൊണ്ടുവരുന്നു എന്നുള്ളത് ആശാവഹമാണ്. ജൈവ കൃഷിരീതികളും മട്ടുപ്പാവിലെ കൃഷിയുമൊക്കെ പുതിയ തലമുറയിൽ കൃഷിയോടുള്ള ആഭിമുഖ്യം  വളർത്താൻ സഹായിക്കും എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ വർധിച്ചു വരുന്ന ഭക്ഷ്യാവശ്യങ്ങൾ നിറവേറ്റുന്നതിനും വിലവർധന പിടിച്ചുനിർത്തുന്നതിനും കാർഷികോൽപാദനം വർധിപ്പിക്കേണ്ടതുണ്ട്. ഇതിനായി പരമ്പരാഗത കർഷകർക്ക് സംരക്ഷണം നൽകുന്ന നയങ്ങളും നടപടികളും രൂപീകരിക്കണം. വിള ഇൻഷുറൻസ് പ്രകൃതിക്ഷോഭം എന്നിവയുടെ മായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തുക ഈ മാസം തന്നെ നൽകുമെന്നാണ് കൃഷി വകുപ് ഉദ്യോഗസ്ഥർ നൽകുന്ന  വിവരം. ഈ ഇനത്തിൽ സർക്കാർ അനുവദിച്ച 30 കോടി രൂപ കർഷകർക്ക് നൽകുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ് എന്നും 2022 ഏപ്രിൽ വരെയുള്ള അപേക്ഷകളിൽ നഷ്ടപരിഹാര തുകകൾ നൽകുമെന്നും അധികൃതർ പറയുന്നു. എന്നാൽ നഷ്ടപരിഹാര തുക കൈയിൽ കിട്ടിയാൽ അല്ലാതെ ഇക്കാര്യം മുഖവിലയ്‌ക്കെടുക്കാൻ കഴിയില്ലെന്നാണ് കർഷകരുടെ നിലപാട്.



Post a Comment

0 Comments