പീച്ചി ഡാം ഷട്ടറുകൾ 10 ഇഞ്ച് വീതം ഉയർത്തി; മന്ത്രി കെ രാജൻ ഡാം സന്ദർശിച്ചു


പട്ടിക്കാട്. വരും ദിവസങ്ങളിൽ ജില്ലയിൽ ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് പീച്ചിഡാം ഷട്ടറുകൾ 10 ഇഞ്ച് വീതമായി ഉയർത്തി. സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി കെ രാജൻ പീച്ചിഡാം സന്ദർശിച്ചു. നിലവിൽ എട്ട് ഇഞ്ച് വീതമായിരുന്നു ഓരോ ഷട്ടറുകളും ഉയർത്തിയിരുന്നത്. ആഗസ്റ്റ് 9 വരെയാണ് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. അതിനാൽ റിസർവോയറിലെ ജലനിരപ്പ് കുറച്ചു നിർത്തുന്നതിന്റെ 


ഭാഗമായാണ് ഷട്ടറുകൾ 2 ഇഞ്ച് കൂടി ഉയർത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഡാമിലെ വെള്ളം കടന്നുപോകുന്ന മണലിപ്പുഴയുടെ തീരത്തുള്ള പാണഞ്ചേരി, നടത്തറ, പുത്തൂർ, നെൺമണിക്കര, തൃക്കൂർ, അളഗപ്പ എന്നീ പഞ്ചായത്തുകളിലെ ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളതായും മന്ത്രി പറഞ്ഞു. മാത്രമല്ല മണലിപ്പുഴയിൽ 5 മീറ്ററാണ് മുന്നറിയിപ്പ് നില. 5.53 മീറ്ററാണ് നിലവിലെ ജലനിരപ്പ്. എന്നാൽ അപകട നില 6.10 മീറ്റർ ആയതിനാൽ പീച്ചിഡാം ഷട്ടറുകൾ ഉയർത്തുന്നതിൽ അപകടമില്ലെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾ പുഴയിൽ ഇറങ്ങാൻ തുനിയരുതെന്നും പാലങ്ങളിൽ നിന്നുകൊണ്ട് സാഹസിക പ്രവർത്തനങ്ങൾ നടത്തരുതെന്നും മന്ത്രി കെ രാജൻ മുന്നറിയിപ്പ് നൽകി.



Post a Comment

0 Comments