പട്ടിക്കാട്. ഹയർസെക്കൻഡറി സ്‌കൂളിലെ 89-90 എസ്എസ്എൽസി ബാച്ചിൽ പഠിച്ചിരുന്നവരുടെ കൂട്ടായ്മയായ 'കാറ്റാടിസ് ജിഎച്ച്എസ്പി 90' പട്ടിക്കാട് സ്‌കൂളിൽ വച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 2022 സെപ്റ്റംബർ 9 ന് നടക്കാനിരിക്കുന്ന കാറ്റാടിസ് മെഗാ സംഗമത്തോട് അനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന് കാറ്റാടിസ് പ്രസിഡന്റ് ഷിബു എം വർഗീസ്, സെക്രട്ടറി എബി കെ വി, ട്രഷറർ ജോർജുകുട്ടി ഐക്യനാടൻ, ജോയിന്റ് സെക്രട്ടറി ജോയ്‌സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബാബു പി പി, ബിനു വർഗീസ്, എബി, ഷാജി എന്നിവർ നേതൃത്വം നൽകി. ഇതോടൊപ്പം പട്ടിക്കാട് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർഥികൾക്കായി കാറ്റാടിസ് നൽകിയ വാട്ടർ ഫിൽറ്റർ കം കൂളർ ജില്ലാ പഞ്ചായത്തംഗം കെ വി സജു വിദ്യാലയത്തിന് കൈമാറി. പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും, സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവർക്കും കൈത്താങ്ങാകുന്ന നിരവധി പ്രവർത്തനങ്ങൾ രൂപീകരിച്ചു ഒരു വർഷത്തിനകം കാറ്റാടിസ് ചെയ്തിട്ടുണ്ട്. മെഗാസംഗമത്തിന് വിദ്യാലയത്തിൽ മികച്ച വിജയം നേടിയവരെയും, അധ്യാപകരെയും ആദരിക്കൽ, പാണഞ്ചേരി പഞ്ചായത്തിലെ കിടപ്പുരോഗികളായ പാവപ്പെട്ടവർക്ക് സഹായധനം നൽകൽ അടക്കം നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളതായി പ്രസിഡന്റ് ഷിബു വർഗീസ് അറിയിച്ചു.


0 Comments