പട്ടിക്കാട്. ദേശീയപാതയിൽ മുടിക്കോട്, കല്ലിടുക്ക് അടിപ്പാതകൾ, സർവീസ് റോഡ് നിർമ്മാണം എന്നീ വിഷയങ്ങളിൽ തൃശ്ശൂർ എംപി ടി എൻ പ്രതാപന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ചുകൊണ്ട് യോഗം ചേരുന്നു. ആഗസ്റ്റ് 30ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് എംപിയുടെ തൃശ്ശൂർ അയ്യന്തോളിൽ ഉള്ള ഓഫീസിലാണ് യോഗം ചേരുന്നത്. ദേശീയപാതയുടെ പാലക്കാട് ഓഫീസിലെ പ്രോജക്ട് ഡയറക്ടർ, കരാർ കമ്പനി പ്രതിനിധികൾ, പഞ്ചായത്ത് പ്രസിഡന്റ്, വിവിധ സമരസമിതികളുടെ പ്രതിനിധികൾ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരെ കൂടി ഉൾപ്പെടുത്തിയാണ് യോഗം ചേരുന്നതെന്ന് എംപി പറഞ്ഞു. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മന്ത്രി നിതിൻ ഗഡ്കരിയെ നേരിട്ട് കണ്ടു ബോധ്യപ്പെടുത്തിയിരുന്നു. പാർലമെന്റിലും താൻ ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. എന്നിട്ടും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് അടിപ്പാത വിഷയത്തിൽ അടിയന്തര യോഗം വിളിക്കുന്നതെന്നും ടി.എൻ പ്രതാപൻ പറഞ്ഞു.


0 Comments