മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാത: മൂന്നിടത്ത് അടിപ്പാതകൾ പണിയുന്നതിനുള്ള നടപടികൾ ആരംഭിക്കും

പട്ടിക്കാട്. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിലെ അടിപ്പാത, സർവീസ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് എംപി ടി എൻ പ്രതാപൻ വിളിച്ചു ചേർത്ത യോഗത്തിൽ മൂന്നിടത്ത് അടിപ്പാതകൾ നിർമ്മിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടർ ബിബിൻ മധു പറഞ്ഞു. മുളയം, മുടിക്കോട്, കല്ലിടുക്ക് എന്നിവിടങ്ങളിലാണ് അടിപ്പാതകൾ വേണമെന്ന് യോഗം ആവശ്യപ്പെട്ടത്. കൂടാതെ മണ്ണുത്തി ഡോൺബോസ്കോ സ്കൂളിന് മുന്നിലും, പന്തലാംപാടം സ്കൂളിനു മുന്നിലും ഫൂട്ട് ഓവർ ബ്രിഡ്ജുകൾ പണിയുന്നതിനുള്ള നടപടികളും ആരംഭിക്കും.  ഇതുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റും രൂപരേഖയും കരാർ കമ്പനി തയ്യാറാക്കി ദേശീയപാത അതോറിറ്റിക്ക് സമർപ്പിക്കുമെന്നും പ്രോജക്ട് ഡയറക്ടർ അറിയിച്ചു. ദേശീയപാത 544 ലെ നിലവിലെ പ്രശ്നങ്ങൾ പഠിക്കുന്നതിന് എംപി, പ്രോജക്ട് ഡയറക്ടർ, എംപി നിർദ്ദേശിക്കുന്ന  സാങ്കേതിക വിദഗ്ദൻ, നിർമ്മാണ കമ്പനി പ്രതിനിധി എന്നിവരടങ്ങുന്ന സ്ഥിരം സമിതി രൂപീകരിക്കുവാനും യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ ബിബിൻ മധു ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആക്ഷൻ കൗൺസിൽ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. മണ്ണുത്തി സെന്ററിലെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി ശാസ്ത്രീയമായ പഠനം നടത്തുമെന്നും പ്രോജക്ട് ഡയറക്ടർ അറിയിച്ചു. യോഗത്തിൽ  പാണഞ്ചേരി പഞ്ചായത്ത് സെക്രട്ടറി  പി ആർ ജോൺ, അഡ്വ. ഷാജി കോടങ്കണ്ടത്ത്, അഡ്വ ജോസഫ് ടാജറ്റ്, കെ.സി അഭിലാഷ്, മുത്തു തങ്ങൾ, എം എസ് കുഞ്ഞപ്പൻ, സുഭാഷ് കല്ലിടുക്ക്, ശോഭ കുമാർ, പ്രവീൺ രാജു, ഷിജോ പി ചാക്കോ, ഷോബി മാത്യു, ജിഫിൻ ജോയ്,   വിവിധ സമിതികളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. അടുത്ത അവലോകനയോഗം 2022 ഒക്ടോബർ 28 വെള്ളിയാഴ്ച 2 മണിക്ക് എംപി ഓഫീസിൽ ചേരുമെന്നും എംപി അറിയിച്ചു



Post a Comment

0 Comments