വിലങ്ങന്നൂർ. ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയെ തുടർന്ന് മരണത്തെ മുഖാമുഖം കണ്ട് കഴിയുകയാണ് ഒരു കുടുംബം. വിലങ്ങന്നൂർ മനയ്ക്കപ്പാടത്ത് ചക്കിയത്ത് മറിയാമ്മയും കുടുംബവും വീട്ടിൽ കഴിയുന്നത് ഏറെ പേടിയോടെയാണ്. കാരണം ഏത് നിമിഷവും തകർന്നു നിലം പൊത്താവുന്ന അവസ്ഥയിലാണ് ഇവരുടെ വീട്. വിണ്ട് കീറിയ ഭിത്തികൾ മരക്കൊമ്പ് കൊണ്ട് താങ്ങി നിർത്തിയിരിക്കുകയാണ്. 2019ലെ പ്രളയത്തിലാണ് വീടിന് തകർച്ച നേരിട്ടത്. നഷ്ടപരിഹാരം കിട്ടാനായി വില്ലേജിലും പഞ്ചായത്തിലും അപേക്ഷ നൽകി. ബന്ധപ്പെട്ടവർ പരിശോധന നടത്തി പോയി. താലൂക്ക് ഓഫീസ് ഉൾപ്പെടെ പല തവണ സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും ഒരു പരിഹാരവുമുണ്ടായില്ല എന്ന് മറിയാമ്മ പറഞ്ഞു. ഒടുവിൽ ഉദ്യോഗസ്ഥരുടെ തന്നെ നിർദ്ദേശ പ്രകാരം ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകി പേര് രജിസ്റ്റർ ചെയ്തു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ച് വീടിന്റെ ശോചനീയാവസ്ഥ കണ്ടിട്ടും ആദ്യഘട്ട ലിസ്റ്റിൽ പേര് വന്നില്ല. തുടർന്ന് അപ്പീൽ നൽകിയെങ്കിലും അത് പരിഗണിച്ചില്ല. ഇതോടെ അധികൃതരുടെ അനാസ്ഥയിൽ ജീവഭയത്തോടെ ഇടിഞ്ഞു വീഴാറായ വീട്ടിൽ അന്തിയുറങ്ങേണ്ട അവസ്ഥയിലായി. വീടിന്റെ അറ്റകുറ്റപ്പണികളെങ്കിലും തീർത്തു കിട്ടിയെങ്കിലേ സമാധാനമായി ഈ കുടുംബത്തിന് തലചായ്ക്കാൻ കഴിയൂ. വിധവയും രോഗിയുമായ മറിയാമ്മയും മകൻ ഷൈജുവും രോഗിയായ മരുമകൾ ഷൈനിയും , കൊച്ചുമക്കളായ ഷൈൻ ,ഷിയ എന്നിവരുമാണ് ഇപ്പോൾ വീട്ടിൽ കഴിയുന്നത്. മകൻ ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. ഈ കുടുംബത്തെ സംരക്ഷിക്കാൻ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ ഷൈജു കുരിയൻ പറഞ്ഞു.

0 Comments