പട്ടിക്കാട്. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പട്ടത്തിപ്പാറ നിന്നുകുഴിയിലെ പന്നിഫാം ഉടമയായിരുന്ന വിയൂർ പെരിങ്ങണ്ടുകാരൻ വീട്ടിൽ ബാലകൃഷ്ണൻ (54) മരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞാണ് മരണം സംഭവിച്ചത്. അറുപത് ശതമാനത്തോളം പൊള്ളലേറ്റ ബാലകൃഷ്ണൻ അതീവഗുരുതരാവസ്ഥയിൽ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.സി ബൈജുവിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടക്കുകയാണ്. സെപ്റ്റംബർ 12-ാം തിയ്യതി ഉച്ചക്ക് 12.30 ഓടെയാണ് മറ്റൊരു പന്നിഫാം ഉടമയായ തൊട്ടിപ്പാൾ പുളിക്കൽ വീട്ടിൽ സുരേന്ദ്രൻ (61) ബാലകൃഷ്ണനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി വധിക്കാൻ ശ്രമിച്ചത്. കൈയ്യിലും, കഴുത്തിലും, തലയിലും, വയറിലുമായാണ് പൊള്ളലേറ്റത്. സുരേന്ദ്രന്റെ ഫാമിൽ നിന്നും ഏഴ് പന്നികളെ കാണാതായതിന് പിന്നിൽ ബാലകൃഷ്ണൻ ആണെന്ന തെറ്റിദ്ധാരണ മൂലം രണ്ടു പേരും വഴക്ക് ഉണ്ടാക്കിയിരുന്നതായും ഇതിന്റെ തുടർച്ചയായിട്ടാണ് സുരേന്ദ്രൻ ബാലകൃഷ്ണനെ വധിക്കാൻ ശ്രമം നടത്തിയതെന്നും പീച്ചി പോലീസ് പറഞ്ഞു. പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.സി ബൈജു, എസ്‌ഐ ഹരി, സിപിഒ രഞ്ജിത്ത്, മഹേഷ്, വിഷ്ണു, സന്തോഷ് എന്നിവരടങ്ങിയ സംഘം പ്രതി സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാന്റിലാണ്.


0 Comments