അപകടഭീഷണിയായി കണ്ണാറ ബനാന ആന്റ് ഹണിപാർക്ക് റോഡിലെ ഈട്ടി മരം


കണ്ണാറ. വഴിയാത്രക്കാർക്ക് അപകടഭീഷണിയായി മാറിയിരിക്കുകയാണ് കണ്ണാറ ബനാന ആന്റ് ഹണി പാർക്കിലേക്കുള്ള റോഡിലെ വലിയ ഈട്ടി മരം. കേന്ദ്രപ്പടി സ്റ്റോപ്പിന് സമീപം നിൽക്കുന്ന മരം വളരെ ഉയരമുള്ളതും വർഷങ്ങൾ പഴക്കമുള്ളതുമാണ്. അതുകൊണ്ടുതന്നെ ഏതുനിമിഷവും മറിഞ്ഞു വീഴാവുന്ന അവസ്ഥയാണ് ഇതിനുള്ളത്. സ്‌കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിനോട് ചേർന്നാണ് മരം നിൽക്കുന്നത്. ഇത് വാഹനങ്ങൾ സുഗമമായി കടന്നുപോകുന്നതിനും തടസ്സമാണെന്ന് നാട്ടുകാർ പറഞ്ഞു. മാത്രമല്ല മരം മറിഞ്ഞു വീഴുകയോ ശിഖിരങ്ങൾ ഒടിയുകയോ ചെയ്താൽ അത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കും. നിരവധി വൈദ്യുതി പോസ്റ്റുകൾ ഒടിയുന്നതിനും ഇടയാക്കും. ഇന്ന് രാവിലെ കെഎഫ്ആർഐ പരിസരത്ത് മരം വീണ് പീച്ചിഡാം റോഡിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. അപകടാവസ്ഥ അധികൃതരെ ബോധ്യപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ മരം മുറിച്ചുമാറ്റുന്നതിന് മൂന്ന് തവണ ടെണ്ടർ വിളിച്ചിട്ടും ആരും ഏറ്റെടുത്തില്ലെന്ന് വാർഡ് മെമ്പർ രേഷ്മ സജീഷ് പറഞ്ഞു. പഞ്ചായത്ത് നേരിട്ട് ഇടപെട്ട് മരം മുറിച്ച് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതായും മെമ്പർ പറഞ്ഞു.



Post a Comment

0 Comments