പട്ടിക്കാട് . തെക്കുംപാടം കന്നാലിച്ചാൽ പ്രദേശത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന ഫോറസ്റ്റ് വാച്ചർമാരെ ഓടിച്ച് ആക്രമിക്കാൻ ശ്രമിച്ചു. തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. നടയപറമ്പിൽ മോഹനൻ പിള്ളയുടെ പറമ്പിൽ വച്ചാണ് ആന വാച്ചർമാരെ ആക്രമിക്കാൻ ശ്രമിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് കാട്ടിൽ നിന്നിറങ്ങിയ പിടിയാന ജനവാസ മേഖലയിൽ എത്തിയത്. കരുമത്തിൽ രാധാകൃഷ്ണന്റെ അമ്പതോളം വാഴകൾ കാട്ടാന നശിപ്പിച്ചു. കാട്ടാനയിറങ്ങിയ വിവരമറിഞ്ഞ് എത്തിയ ഫോറസ്റ്റ് വാച്ചർ മാരുടെ നേതൃത്വത്തിൽ ആനയെ കാട്ടിലേക്ക് കയറ്റി വിട്ടിരുന്നു. എന്നാൽ വൈകിട്ട് ആറുമണിയോടെ ആന വീണ്ടും ഇറങ്ങി വരികയായിരുന്നു. വാച്ചർമാരായ സജി, ആന്റോ, ജിബി, ബെന്നി, ക്ലിൻസ്, മധു, സന്തോഷ്, എന്നിവരെയാണ് ആന ഓടിച്ചത്. ആന നിൽക്കുന്നത് ഇവർ കണ്ടിരുന്നില്ല. മുന്നിലെത്തിയ ആന ശബ്ദമുണ്ടാക്കിയപ്പോഴാണ് ആന വീണ്ടും എത്തിയ വിവരം ഇവർ അറിഞ്ഞത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരായ അജി, ഗിരീഷ്, ജോമോൻ , സാലി എന്നിവരും സ്ഥലത്തുണ്ടായിരുന്നു.


0 Comments