കലൈഞ്ജർക്ക് ഭാരതരത്‌നം നൽകണമെന്ന് ആവശ്യപ്പെട്ട് കന്യാകുമാരി മുതൽ ചെന്നൈ വരെ സൈക്കിൾ യാത്ര നടത്തി സഞ്ജീവി


പട്ടിക്കാട്. കലൈഞ്ജർ കരുണാനിധിയെ ഭാരതരത്‌നം നൽകി ആദരിക്കണമെന്ന ആവശ്യവുമായി സൈക്കിൾ യാത്ര നടത്തുകയാണ് തമിഴ്‌നാട് സ്വദേശി സഞ്ജീവി. ഇന്ന് ഉച്ചയോടെ ഇദ്ദേഹത്തിൻറെ യാത്ര പട്ടിക്കാട് സെൻററിൽ എത്തിച്ചേർന്നു. തമിഴ്‌നാട് തിരുവള്ളൂർ അമ്മയാർകുപ്പം സ്വദേശി എസ് സഞ്ജീവി ഈ മാസം എട്ടിനാണ് കന്യാകുമാരിയിൽ നിന്നും യാത്ര ആരംഭിച്ചത്. 45 ദിവസം കൊണ്ട് ചെന്നൈ വരെയുള്ള യാത്ര പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇപ്പോൾ 55 വയസ്സ് പൂർത്തിയാക്കിയ സഞ്ജീവി 30 വയസ്സുള്ളപ്പോൾ മുതൽ ആരംഭിച്ചതാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സൈക്കിൾ യാത്ര. സേതുസമുദ്രം പദ്ധതി നടപ്പിലാക്കുക എന്ന ആവശ്യങ്ങളുമായി വർഷങ്ങൾക്കു മുമ്പ് ചെന്നൈയിൽ നിന്നും സൈക്കിളിൽ യാത്ര തുടങ്ങി 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചിരുന്നു. അഞ്ചു വയസ്സുമാത്രം വിദ്യാഭ്യാസമുള്ള സഞ്ജീവി അമ്മയാർകുപ്പത്ത് ഹോട്ടൽ നടത്തുകയാണ്. ഭാര്യ: പൂങ്കൊടി. മക്കൾ ലോകനാഥൻ, ശോഭാ റാണി.  രാഷ്ട്രീയത്തിൽ എന്നപോലെ നാടകം കവിത സാഹിത്യം എന്നിവയിൽ തിളങ്ങിയ കരുണാനിധി സാമൂഹ്യനീതിക്കും സാമൂഹ്യ സൗഹാർദ്ദം കാത്തുസൂക്ഷിക്കാനും ഒട്ടേറെ ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കാനും ശ്രമിച്ചിരുന്നു എന്നാണ് സഞ്ജീവിയുടെ പക്ഷം. പട്ടിക്കാട് നിന്നും യാത്ര തിരിച്ച സഞ്ജീവി പാലക്കാട് കോയമ്പത്തൂർ വഴിയാണ് ചെന്നൈയിൽ എത്തിച്ചേരുക.



Post a Comment

0 Comments