പട്ടിക്കാട്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമ്മ സേന അംഗങ്ങൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നില്ലെന്ന പരാതിയുമായി പട്ടിക്കാട് സെന്ററിലെയും പീച്ചി റോഡ് ജങ്ഷനിലെയും വ്യാപാരികൾ രംഗത്തെത്തി. പദ്ധതി നടപ്പാക്കുമ്പോൾ പ്ലാസ്റ്റിക് കവറുകൾ വലിച്ചെറിയരുതെന്നും മാസത്തിലൊരിക്കൽ ഹരിത കർമ്മ സേനാംഗങ്ങൾ എത്തി പ്ലാസ്റ്റിക്കുകൾ ശേഖരിക്കുമെന്നും കടകളിൽ എത്തി അറിയിച്ചിരുന്നു. എന്നാൽ മാസങ്ങളായി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുവാൻ ആരും തന്നെ എത്തിയിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. നൂറുകണക്കിന് കടകളുള്ള പട്ടിക്കാട് സെന്ററിലും പീച്ചിറോഡ് ജങ്ഷനിലുമായി നിരവധി പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ദിനംപ്രതി ഉണ്ടാവുക. മാലിന്യങ്ങൾ ശേഖരിക്കാൻ ബന്ധപ്പെട്ടവർ എത്താതായതോടെ വ്യാപാര സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ ഇവ കുന്നുകൂടാൻ തുടങ്ങി. പഞ്ചായത്ത് മെമ്പർമാരോ പഞ്ചായത്ത് അധികൃതരോ വിഷയത്തിൽ ഇടപെട്ടില്ലെന്നും പരാതിയുണ്ട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വ്യാപാരികൾ നാളുകളായി അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് മാലിന്യ സംസ്‌കരണമെന്നും ഈ വിഷയത്തിൽ പഞ്ചായത്ത് ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നും വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ബാബു കൊള്ളന്നൂർ ആവശ്യപ്പെട്ടു.


0 Comments