മൂല്യവർധിത കൃഷി മിഷനുമായി സംസ്ഥാന സർക്കാർ


തിരുവനന്തപുരം. കർഷകരുടെ വരുമാന വർധനയും കാർഷികോത്പാദനക്ഷമതയും ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് മൂല്യവർധിത കൃഷി മിഷൻ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. കൃഷി ഉത്പന്നങ്ങൾ അടിസ്ഥാനമാക്കി മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ ലഭ്യമാക്കൽ, കാർഷിക ഉത്പന്നങ്ങൾക്കും മൂല്യവർധിത ഉത്പന്നങ്ങൾക്കും തദ്ദേശീയമായും ദേശീയമായും അന്തർദേശീയമായും വിപണന ശൃംഘല വികസിപ്പിച്ചെടുക്കൽ തുടങ്ങിയവയ്ക്കായുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണു മൂല്യവർധിത കൃഷി മിഷൻ രൂപീകരിക്കുന്നത്.
കാർഷിക മേഖലയിൽ ഉണ്ടായ പ്രധാന നേട്ടങ്ങൾ, നിലവിലുള്ള അവസരങ്ങൾ, വിടവുകൾ, നയം, വിപണി, സാങ്കേതിക വശങ്ങൾ എന്നിവ പരിഗണിച്ച് പ്രത്യേകം ഇടപെടേണ്ട മേഖലകൾ കണ്ടെത്തി മൂല്യവർദ്ധിത കൃഷി പ്രത്സാഹിപ്പിക്കുകയാകും മിഷന്റെ പ്രവർത്തനരീതി. ഇതിനായി പ്രത്യേക വർക്കിങ് ഗ്രൂപ്പുകൾ രൂപീകരിക്കും. കാർഷിക വ്യവസായം, സാങ്കേതികവിദ്യ, വിജ്ഞാന ശേഖരണം, അവയുടെ ഉപയോഗം, വിപണനം, ധനകാര്യം തുടങ്ങിയ മേഖലകളിലൂന്നിയാകും വർക്കിങ് ഗ്രൂപ്പുകൾ പ്രവർത്തിക്കുക. സമാഹരണ പ്രവർത്തനങ്ങൾ, സ്റ്റാൻഡഡൈസേഷൻ, ഗുണനിലവാര നിയന്ത്രണം, ബ്രാൻഡിംഗ്, ലേബലിങ്, എന്നിവ ഉറപ്പുവരുത്തി ആഭ്യന്തര വിദേശ വിപണിക്കു വേണ്ടിയുള്ള മികച്ച ആസൂത്രണം, വിഞ്ജാനപ്രധാനമായ സാങ്കേതിക വിദ്യകളുടെ വിന്യാസം, ട്രേസബിലിറ്റി, മെക്കാനിസത്തിന്റെ വികസനം, കഛഠ, ബ്ലോക്ക് ചെയിൻ എന്നിവ ഉപയോഗിച്ചുള്ള സ്മാർട്ട് ക്രോപ്പ് ഇൻഷുറൻസ്, അനുയോജ്യമായ യന്ത്രങ്ങളുടെ പ്രചാരണം, നൂതന യന്ത്രവത്കരണം, ബഹിരാകാശ അധിഷ്ടിത സാങ്കേതിക വിദ്യകളുടെ ഉപയോഗം തുടങ്ങിയവയാണ് മിഷന്റെ പ്രധാന ശ്രദ്ധാമേഖലകൾ. മുഖ്യമന്ത്രി അധ്യക്ഷനായും കൃഷി, വ്യവസായ മന്ത്രിമാർ ഉപാധ്യക്ഷന്മാരായും, ധനകാര്യ, തദ്ദേശ സ്വയംഭരണ, സഹകരണ, ജലവിഭവ, മൃഗ സംരക്ഷണ, ഫിഷറീസ്, വൈദ്യുതി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിമാർ അംഗങ്ങളുമായുള്ള ഗവേണിംഗ് ബോഡിയും, ഓരോ മേഖലയ്ക്കായി കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായുള്ള വിദഗ്ധ സംഘങ്ങളുടെ വർക്കിംഗ് ഗ്രൂപ്പുകളും വിഭാവനം ചെയ്തിട്ടുണ്ട്. മിഷന് സംസ്ഥാന തലത്തിൽ കോഓർഡിനേറ്ററും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ഉണ്ടാകും.



Post a Comment

0 Comments