നിന്നുകുഴി പന്നിഫാം ഉടമയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി വധിക്കാൻ ശ്രമം; പ്രതി പീച്ചി പോലീസിന്റെ പിടിയിൽ

പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പട്ടത്തിപ്പാറ നിന്നുകുഴിയിൽ പന്നിഫാം നടത്തുന്ന ബാലകൃഷ്ണൻ എന്നയാളെ പെട്രോൾ ഒഴിച്ച് തീകൊളുത്തി വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.സി.ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ഇതേ സ്ഥലത്തെ തന്നെ മറ്റൊരു പന്നിഫാം ഉടമയായ തൊട്ടിപ്പാൾ പുളിക്കൽ വീട്ടിൽ കുഞ്ഞുണ്ണി മകൻ സുരേന്ദ്രൻ (61) ആണ് പീച്ചി പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച 

ഉച്ചക്ക് 12.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിയൂർ പെരിങ്ങണ്ടുകാരൻ വീട്ടിൽ ബാലകൃഷ്ണൻ (54) എന്നയാളും ഇയാളുടെ ജോലിക്കാരനും ഫാമിലേക്കുള്ള റോഡിലെ കുഴികൾ കല്ലിട്ട് നികത്തുന്ന സമയത്താണ് സുരേന്ദ്രൻ ഇവരുടെ പുറകിലൂടെ എത്തി ബാലകൃഷ്ണന് നേരെ പെട്രോൾ ഒഴിച്ചത്. ഒഴിഞ്ഞുമാറാൻ ശ്രമിച്ച ബാലകൃഷ്ണൻ സുരേന്ദ്രന്റെ തലയിൽ കല്ല് കൊണ്ട് ഇടിച്ചു വീഴ്ത്തി.  എന്നാൽ സുരേന്ദ്രൻ തന്റെ കൈയ്യിൽ കരുതിയിരുന്ന ലൈറ്റർ ഉപയോഗിച്ച് ബാലകൃഷ്ണനെ തീകൊളുത്തുകയായിരുന്നു. കൈയ്യിലും, കഴുത്തിലും, തലയിലും, വയറിലുമായി അമ്പത് ശതമാനത്തോളം പൊള്ളലേറ്റ ഇയാളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാലകൃഷ്ണനെ വധിക്കണം എന്ന ലക്ഷ്യത്തോടെ തലേദിവസം വാങ്ങി വെച്ചിരുന്ന അഞ്ച് ലിറ്റർ പെട്രോൾ പ്ലാസ്റ്റിക് ബക്കറ്റിലാക്കിയാണ് സുരേന്ദ്രൻ കൊണ്ടുവന്നിട്ടുള്ളത്. സുരേന്ദ്രന്റെ ഫാമിൽ നിന്നും ഏഴ് പന്നികളെ കാണാതായതിന് പിന്നിൽ ബാലകൃഷ്ണൻ ആണെന്ന തെറ്റിദ്ധാരണ മൂലം രണ്ടു പേരും വഴക്ക് ഉണ്ടാക്കിയിരുന്നതായും ഇതിന്റെ തുടർച്ചയായിട്ടാണ് സുരേന്ദ്രൻ ബാലകൃഷ്ണനെ വധിക്കാൻ ശ്രമം നടത്തിയതെന്നും പീച്ചി പോലീസ് പറഞ്ഞു. എസ്‌ഐ ഹരി, സിപിഒ രഞ്ജിത്ത്, മഹേഷ്, വിഷ്ണു, സന്തോഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.





Post a Comment

0 Comments