ദേശീയപാത ചെമ്പൂത്രയിൽ തെരുവുനായ ബൈക്കിന് കുറുകെ ചാടി അപകടം: യുവാവിന് ഗുരുതര പരിക്ക്; അപകടത്തിൽ പെട്ട നായ ചത്തു


പട്ടിക്കാട്. തെരുവുനായ ബൈക്കിന് കുറുകെ ചാടി ഉണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. പയ്യനം മാമലക്കുന്നത്ത് വീട്ടിൽ യാക്കോബ് മകൻ നിഖിൽ (28) ആണ് അപകടത്തിൽ പെട്ടത്. തൃശൂർ കോർപ്പറേഷനിലെ ഡ്രൈവറാണ്. ഇന്നലെ രാവിലെ ജോലിക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. ദേശീയപാത ചെമ്പൂത്രയിൽ അലീസ് ആശുപത്രിക്ക് സമീപം നിഖിൽ സഞ്ചരിച്ചിരുന്ന ബൈക്കിന് കുറുകെ  തെരുവുനായ ചാടുകയും നായയെ ഇടിച്ച ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിരങ്ങി വീഴുകയുമായിരുന്നു. കാലിന്റെ ഉപ്പൂറ്റിക്ക് ഗുരുതര പരിക്കേറ്റ നിഖിലിനെ അടിന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ശരീരത്തിൽ പലഭാഗത്തും സാരമായ മുറിവുകൾ ഉണ്ട്. അപകടത്തെ തുടർന്ന് നായ ചത്തു. പാണഞ്ചേരി പഞ്ചായത്തിൽ തെരുവുനായ്ക്കൾ റോഡിന് കുറുകെ ചാടി നിരവധി അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. എന്നാൽ അധികൃതർ ഇതുവരെ ഇവയെ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനുള്ള കർമ്മ പരിപാടി ആസുത്രണം ചെയ്യുന്നതിന്റെ ഭാഗമായി ഇന്നലെ വൈകീട്ട് റവന്യൂ മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ മണ്ണുത്തിയിൽ യോഗം ചേർന്നിരുന്നു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതിന്റെ തുടർ നടപടികൾ ഉടൻ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് പാണഞ്ചേരി പഞ്ചായത്ത് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ.



Post a Comment

0 Comments