പട്ടിക്കാട്. ദേശീയപാതയിൽ മുടിക്കോട് സെന്ററിൽ തെരുവുനായ കുറുകെചാടി അപകടത്തിൽപ്പെട്ട് ഓട്ടോറിക്ഷ ഡ്രൈവർ പൂവഞ്ചിറ പുത്തൻപുരയ്ക്കൽ ശ്രീധരൻ മകൻ സന്തോഷ് (46) മരിച്ചു. ഇന്നലെ (സെപ്റ്റംബർ 21) വൈകിട്ട് 7 മണിയോടെയാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്തേക്കുള്ള പാതയിലൂടെ വരികയായിരുന്നു ഓട്ടോറിക്ഷ. മുടിക്കോട് സെന്ററിൽ ഉള്ള ബസ് സ്റ്റോപ്പിന് മുന്നിൽ വച്ച് തെരുവുനായ കുറുകെ ചാടുകയും ഇതിനിടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിയുകയുമായിരുന്നു. ഉടൻ നാട്ടുകാർ ഓടിയെത്തി വാഹനം ഉയർത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 10 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ഷിംജ. മക്കൾ: ആദിത്യ, ആദിദേവ്. അമ്മ: ജാനകി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന രീതിയിലുള്ള അപകടങ്ങൾ വർദ്ധിച്ചു വരുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ ചെമ്പൂത്രയിൽ തെരുവുനായ കുറുകെ ചാടി ഉണ്ടായ അപകടത്തിൽ പയ്യനം സ്വദേശിക്ക് പരിക്കേറ്റിരുന്നു. തെരുവുനായകളെ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ അധികൃതർ എത്രയും വേഗം സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
0 Comments