പട്ടിക്കാട്. കേന്ദ്രസർക്കാരിന്റെ ജനദ്രോഹപരമായ നടപടികൾ സാധാരണക്കാരായ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും തൊഴിലുറപ്പ് തൊഴിലാളികളുടെ ആനുകൂല്യങ്ങൾക്ക് തടസ്സം നിൽക്കുന്നതാണെന്നും എൻ.ആർ.ഇ.ജി.ഡബ്ല്യു.യു ജില്ലാ സെക്രട്ടറി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു എന്ന് ആരോപിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻറെ ആഭിമുഖ്യത്തിൽ നടക്കുന്ന ഏജിസ് ഓഫീസ് മാർച്ചിന് മുന്നോടിയായി നടന്നുവരുന്ന ജില്ലാ പ്രചരണ ജാഥയ്ക്ക് പട്ടിക്കാട് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റൻ കൂടിയായ അദ്ദേഹം. പെൻഷൻ തുകയായ 1600 രൂപ പോലും കൊടുക്കുന്നത് നിർത്തിവെക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടെന്നും എന്നാൽ മുൻകാലങ്ങളിലേതുപോലെ പെൻഷൻ തുക വർദ്ധിപ്പിക്കുന്നത് അടക്കമുള്ള ജനകീയ പ്രവർത്തനങ്ങളുമായി കേരള സർക്കാർ മുന്നോട്ടു പോകുമെന്നും സേവ്യർ ചിറ്റിലപ്പിള്ളി പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ഒരുക്കിയ സ്വീകരണ പരിപാടിയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ അധ്യക്ഷത വഹിച്ചു. ജാഥ വൈസ് ക്യാപ്റ്റൻ പി തങ്കം ടീച്ചർ, ജാഥ മാനേജർ എ എസ് ദിനകരൻ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ, പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ, പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ബാലകൃഷ്ണൻ, നടത്തറ പഞ്ചായത്ത് വൈസ് പ്രസിഡൻറ് രജിത്ത്, പഞ്ചായത്ത് അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ നിയമവിരുദ്ധ നടപടികൾ പിൻവലിക്കുക, ഒരു പഞ്ചായത്തിൽ ഒരേസമയം 20 പ്രവർത്തി ദിനങ്ങൾ മാത്രമേ പാടുള്ളൂ എന്ന നിബന്ധന പിൻവലിക്കുക, തൊഴിൽ ദിനങ്ങൾ 200 ആക്കുക, കൂലി 600 രൂപയാക്കി വർദ്ധിപ്പിക്കുക, നഗര തൊഴിലുറപ്പ് പദ്ധതി അംഗീകരിക്കുക, കൃഷിയും ക്ഷീരവികസനവും പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കുന്നത്.


0 Comments