ഓണം ബംബർ ചലഞ്ചിൽ സമാഹരിച്ച തുക വാർഡിലെ രോഗികൾക്ക് കൈമാറി


വിലങ്ങന്നൂർ. ഓണം ബംബർ ചലഞ്ചിലൂടെ സമാഹരിച്ച തുക വാർഡിലെ നിർധനരായ രോഗികൾക്ക് കൈമാറി വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയനും സഹപ്രവർത്തകരും മാതൃകയായി. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ ധനസഹായ വിതരണത്തിന് നേതൃത്വം നൽകി. ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ മുൻപന്തിയിൽ നിന്നും പ്രവർത്തിക്കുന്നതോടൊപ്പം അവ പ്രാവർത്തികമാക്കാൻ വ്യത്യസ്ത ആശയങ്ങളുമായി മുന്നിട്ടിറങ്ങുന്നതാണ് ഷൈജു കുര്യന്റെ വിജയമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്തിന്റെ പേരിലുള്ള അഭിനന്ദനങ്ങൾ അദ്ദേഹം അറിയിക്കുകയും ചെയ്തു. ഒരു ഓണം ബംബർ ടിക്കറ്റ് വിറ്റാൽ കമ്മീഷനായി ലഭിക്കുന്ന 90 രൂപ വീതം സമാഹരിച്ച് വാർഡിലെ കാൻസർ, ഡയാലിസിസ് രോഗികൾക്കും കൂടാതെ മരുന്ന് വാങ്ങാൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സഹായമെത്തിക്കുന്നതായിരുന്നു ഓണം ബംബർ ചലഞ്ച്. ഈ ബംബർ ചലഞ്ചിൽ 500 ടിക്കറ്റുകൾ വിൽക്കുക എന്ന ലക്ഷ്യമായാണ് ഉദ്യമം ആരംഭിച്ചത്. എന്നാൽ 1010 ടിക്കറ്റുകൾ വിൽക്കുന്നതിനും ഇതിലൂടെ 105000 രൂപ സമാഹരിക്കുന്നതിനും തങ്ങൾക്ക് സാധിച്ചുവെന്ന് ഷൈജു കുര്യൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് ബാബു തോമസ്, മാധ്യമ പ്രവർത്തകൻ ജോർജ്ജ് പൊടിപ്പാറ, കുരിയാക്കോസ് ഫിലിപ്പ്, സജി താന്നിക്കൽ, സജി ആൻഡ്രൂസ്, ജിനീഷ് മാത്യു, സുബി തോമസ്, ദീപക് വെള്ളക്കാരി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.



Post a Comment

0 Comments